Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഈ ബില്ലിന്റെ ഏറ്റവും...

‘ഈ ബില്ലിന്റെ ഏറ്റവും വലിയ അപകടം കേവല ഭൂരിപക്ഷമുണ്ടായാൽ മണ്ഡലാതിർത്തി പുനർനിർണ്ണയിക്കാം എന്നത്, സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’ -കെ.സി. വേണുഗോപാൽ

text_fields
bookmark_border
‘ഈ ബില്ലിന്റെ ഏറ്റവും വലിയ അപകടം കേവല ഭൂരിപക്ഷമുണ്ടായാൽ മണ്ഡലാതിർത്തി പുനർനിർണ്ണയിക്കാം എന്നത്, സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’ -കെ.സി. വേണുഗോപാൽ
cancel

ന്യൂഡൽഹി: പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്ത തകർത്ത്, രാജ്യത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വിഭജിക്കാനാണ് മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ബില്ല് പാസായാൽ രാജ്യത്തെ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കാൻ സർക്കാരിന് കേവല ഭൂരിപക്ഷം മാത്രം മതിയാകുമെന്നതാണ് ഏറ്റവും വലിയ അപകടം. പാർലമെന്റിനെയോ പ്രതിപക്ഷത്തെയോ വിശ്വാസത്തിലെടുക്കാതെ മണ്ഡല പുനർനിർണ്ണയം നടത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഈ ബില്ലിലൂടെ സർക്കാർ കൈക്കലാക്കുകയാണ്. അസമിലും ജമ്മു കശ്മീരിലും ഏകപക്ഷീയമായി മണ്ഡലങ്ങൾ വെട്ടിമാറ്റി രാഷ്ട്രീയ നേട്ടം കൊയ്ത രീതി രാജ്യവ്യാപകമാക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന പരാജയത്തെ മറികടക്കാനുള്ള തന്ത്രമാണിത് -അദ്ദേഹം പറഞ്ഞു.

വനിതാ സംവരണത്തിന്റെ മറപിടിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ബിജെപി വ്യാമോഹിക്കുന്നത്. കോൺഗ്രസ് വനിതാ സംവരണത്തിന് എതിരല്ല. 2024-ൽ തന്നെ 543 അംഗ പാർലമെന്റിൽ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കണമെന്നതാണ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടത്. എന്നാൽ, ആദ്യം സെൻസസ്, പിന്നീട് മണ്ഡല പുനർനിർണ്ണയം, അതിനുശേഷം മാത്രം വനിതാ സംവരണം എന്ന നിബന്ധന കൊണ്ടുവന്നതിലൂടെ സർക്കാരിന്റെ രാഷ്ട്രീയ അജണ്ട വ്യക്തമായിരിക്കുകയാണ്.

ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് സർക്കാർ. സുപ്രീം കോടതി റിട്ടയർഡ് ജഡ്ജിയും തെരഞ്ഞെടുപ്പ് കമ്മീഷണറും അടങ്ങുന്ന ഡിലിമിറ്റേഷൻ കമ്മീഷനെ നിശ്ചയിക്കുന്നത് സർക്കാർ നേരിട്ടാണ്. കേവല ഭൂരിപക്ഷം ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും മണ്ഡലങ്ങളുടെ അതിർത്തി മാറ്റാൻ സർക്കാരിന് അധികാരം നൽകുന്നതിലൂടെ വലിയ ചതിക്കുഴികളാണ് ബില്ലിലുള്ളത്. മണ്ഡല പുനർനിർണ്ണയത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾ ആരാണ് സംരക്ഷിക്കുക? നീതി ലഭിക്കേണ്ട സംസ്ഥാനങ്ങളോട് നിരന്തരമായ അവഗണനയാണ് കേന്ദ്രം കാണിക്കുന്നത്. 50 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ബില്ലിലെ വ്യവസ്ഥകൾ മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണിത്. അതുകൊണ്ട് തന്നെ ഈ ബില്ലിനെ അംഗീകരിക്കാൻ കഴിയില്ല. പാർലമെന്റിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും ഡിലിമിറ്റേഷൻ സംബന്ധിച്ച ഭാഗങ്ങൾ പരാജയപ്പെടുത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇത്രയും തിടുക്കപ്പെട്ട് അജണ്ട പോലുമില്ലാതെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയത് തന്നെ ദുരൂഹമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC VenugopalIndia NewsDelimitationINDIA Bloc
News Summary - kc venugopal against delimitation bill
Next Story