ബൽക്കീസ് ബാനു ബലാത്സംഗ പ്രതി ബി.ജെ.പി വേദിയിൽ; രൂക്ഷ പ്രതികരണവുമായി മഹുവ മൊയ്ത്രയും കവിതയും
text_fieldsഗുജറാത്ത് മുസ്ലിം വംശഹത്യാ കാലത്ത് ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കുഞ്ഞിനെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ കേസിലെ കൊടും കുറ്റവാളികളെ ബി.ജെ.പി വേദിയിൽ അണിനിരത്തിയതിനെതിരെ രൂക്ഷ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും ബി.ആർ.സി എം.എൽ.സി കെ. കവിതയും രംഗത്ത്.
ബൽക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതിയായ ശൈലേഷ് ഭട്ട്, ദഹോദ് ബി.ജെ.പി എം.പി ജസ്വന്ത്‌സിൻഹ് ഭാഭോർ, ലിംഖേഡ എം.എൽ.എ സൈലേഷ് ഭാഭോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് ജലവിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബി.ജെ.പിയുടെ എം.പിമാർക്കും എം.എൽ.എ.മാർക്കുമൊപ്പം ബൽക്കിസ് ബാനു ബലാത്സംഗകേസിലെ പ്രതി പരസ്യമായി വേദി പങ്കിടുന്നുവെന്ന് കവിത ട്വീറ്റ് ചെയ്തു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ആഘോഷിക്കുകയും ഇരകൾ നീതിക്ക് വേണ്ടി അപേക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മൾ എന്താണ് മാറിയതെന്ന് കവിത ട്വീറ്റിൽ ചോദിച്ചു.
അതിരൂക്ഷമായ ഭാഷയിലാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്. ബൽക്കീസ് ബാനു ബലാത്സംഗ കേസിലെ പ്രതിയെ ബി.ജെ.പി ോദിയിൽ കണ്ടു. ഈ രാക്ഷസന്മാർ വീണ്ടും ജയിലിൽ കിടക്കുന്നതുമ ജയിലിലേക്ക് വലിച്ചിഴക്കുന്നതും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. നീതിയെ പരിഹസിക്കുന്ന ഈ പൈശാചിക സർക്കാർ പരാജയപ്പെടണം എന്നും ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ അതിന്‍റെ ധാർമിക അന്തസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊയ്ത്ര കുറിച്ചു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ കലാപത്തിനിടെ ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ബന്ധുക്കളെയും കുഞ്ഞിനെയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാളെ സർക്കാർ വേദിയിൽ അണിനിരത്തി ബി.ജെ.പി. കോടതി ശിക്ഷിച്ച പ്രതികൾക്ക് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ശിക്ഷാ ഇളവ് നൽകുകയും മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ മോചിപ്പിക്കപ്പെട്ട 11 കൊടുംകുറ്റവാളികളിൽ ഒരാളാണ് കഴിഞ്ഞ ദിവസം ഗുജറാത്തിൽ ഒരു സർക്കാർ പരിപാടിയിൽ ബി.ജെ.പി എം.പിക്കും എം.എൽ.എക്കുമൊപ്പം വേദി പങ്കിട്ടത്. പ്രതികളുടെ മോചനം സുപ്രീം കോടതിയിൽ ബൽക്കീസ് ബാനു ചോദ്യം ചെയ്തിട്ടുണ്ട്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
മാർച്ച് 25 ന് ദാഹോദ് ജില്ലയിലെ കർമ്മാഡി ഗ്രാമത്തിലാണ് ഗ്രൂപ്പ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. ദഹോദ് എം.പി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എം.എൽ.എയുമായ സൈലേഷ് ഭാഭോറിനുമൊപ്പം പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് സ്റ്റേജിൽ നിൽക്കുന്ന വീഡിയോകളും ഫോട്ടോകളും ആണ് പുറത്തുവന്നിട്ടുള്ളത്. ചടങ്ങിൽ അവർക്കൊപ്പം കുറ്റവാളി ഫോട്ടോക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതും കാണാം. ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്ത ഇരുനേതാക്കളും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ 11 പ്രതികളെ മോചിപ്പിച്ചത് രാജ്യത്തുടനീളം രോഷത്തിന് കാരണമായിരുന്നു. ബൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവളുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാ് മോചിപ്പിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ബാനുവിന്‍റെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

