കാവേരി നദീ തർക്കം: തമിഴ്നാടിന്റെ ഹരജി നാളെ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കാവേരി നദീജല തര്‍ക്കത്തില്‍ കർണാടകക്കെതിരായ തമിഴ്നാട് സര്‍ക്കാറിന്റെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. തമിഴ്നാടിന് നിയമപ്രകാരമുള്ള ജലവിഹിതം നല്‍കണമെന്ന കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ നിർദേശം കർണാടക തള്ളിയതോടെയാണ് ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ഭിന്നത രൂക്ഷമായത്.
വിഷയം ഇരു സംസ്ഥാനങ്ങളിലും രാഷ്ട്രീയ ഏറ്റുമുട്ടലായി മാറിയതോടെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച കേസിൽ വാദം കേൾക്കും.
നിലവിലെ മഴക്കുറവ് കണക്കിലെടുത്ത് ജൂലൈ 29 മുതൽ 15 ദിവസത്തേക്ക് പ്രതിദിനം 3500 ഘനയടി ജലം തമിഴ്നാടിന് വിട്ടുനകണമെന്നാണ് കാവേരി റെഗുലേഷൻ അതോറിറ്റി നേരത്തേ നിർദേശം നൽകിയത്. ഇതിനെതിരെ കര്‍ണാടക സർക്കാർ അതോറിറ്റി മുമ്പാകെ അപ്പീല്‍ നല്‍കിയെങ്കിലും ഇത് തള്ളി.
എന്നാൽ, സംഭരണ ശേഷിയുണ്ടായിട്ടും ആവശ്യമായ വെള്ളം വിട്ടുനൽകുന്നില്ലെന്ന പരാതിയുമായി തമിഴ്നാട് രംഗത്തെത്തി. ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി ജോസഫ് വിജയ് തന്നെ അർഹമായ ജലം വിട്ടുനൽകാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
കർണാടകയിലെ വിവിധ സംഭരണികളിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നും, കബനി, കെ.ആർ.എസ് തുടങ്ങിയ അണക്കെട്ടുകളോട് ചേർന്ന് മഴ ലഭിച്ചതിനാൽ നീരുറവ സുലഭവുമാണെന്നും, എങ്കിലും അർഹമായതിലും ഏറ്റവും കുറവ് മാത്രം ജലമാണ് കർണാടക വിട്ടു നൽകുന്നതെന്നും, സമിതി നിർദേശിച്ച ജലവിഹിതം തന്നെ കുറവാണെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി.
തമിഴ്നാടിന് ജലം വിട്ടുനല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി തറപ്പിച്ചുപറഞ്ഞിട്ടും വിജയ് സര്‍ക്കാര്‍ മൗനം തുടരുന്നതിനെതിരെ തമിഴ്നാട്ടില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, കാവേരി ജല അതോറിറ്റിയുടെ ഉത്തരവിൽ പ്രതിഷേധിച്ച് കഴിഞ്ഞാഴ്ച കർണാടകയിൽ ബന്ദും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

