കൗസംബി പടക്കനിർമാണശാല സ്ഫോടനം; പ്രതിയുടെ വീട് ഇടിച്ചുനിരത്തി, മരണം 14 ആയി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കൗസംബിയിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിലെ പ്രധാന പ്രതി നൗഷാദിന്റെ മൂന്നുനില വീട് അധികൃതർ പൊളിച്ചുനീക്കി. ആവശ്യമായ കെട്ടിടനിർമാണ അനുമതിയും അംഗീകൃത പ്ലാനും ഇല്ലാതെയാണ് വീട് നിർമിച്ചതെന്ന് ആരോപിച്ചാണ്, ജില്ല മജിസ്ട്രേറ്റ് അമിത് പാലിന്റെ നേതൃത്വത്തിൽ പൊളിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ 17കാരി ചികിത്സക്കിടെ മരിച്ചതോടെ മരണസംഖ്യ 14 ആയി. തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ ഉർവശി എന്ന പെൺകുട്ടി പ്രയാഗ്രാജിലെ എസ്.ആർ.എൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായൺ പ്രജാപത് പറഞ്ഞു.
പ്രധാന പ്രതിയായ നൗഷാദിന്റെ ഭാര്യ കഹ്കശാൻ ബാനോയുടെ ഉടമസ്ഥതയിലുള്ള മുറാട്ട്ഗഞ്ച് മാർക്കറ്റിലെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. ഇവിടെനിന്ന് രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന ആറ് ചാക്ക് പടക്കങ്ങൾ പിടിച്ചെടുത്തു. പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റിയും കൗസംബി പൊലീസും സംയുക്തമായാണ് ബുൾഡോസർ നടപടിയെടുത്തത്.
ചൊവ്വാഴ്ച വൈകീട്ട് ആറിന് വീട്ടിൽ ബുൾഡോസർ എത്തിച്ചെങ്കിലും 11 മണിക്കൂർ നീണ്ട നടപടിക്കൊടുവിൽ ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയത്.
സ്ഫോടനം നടന്ന തിങ്കളാഴ്ച അനധികൃത പടക്കവ്യാപാരവുമായി ബന്ധമുള്ള ഗോഡൗണുകൾ ജില്ല ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. ചൊവ്വാഴ്ച നൗഷാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവായ ഷബാനയെയും മരുമകൾ സൈനയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

