മരവിപ്പിച്ച സഹായധനത്തിനായി കഠ്വ പെൺകുട്ടിയുടെ കുടുംബം ഡൽഹിയിൽ
text_fieldsന്യൂഡൽഹി: നിരവധി കോണുകളിൽനിന്ന് സഹായധനം ഒഴുകിയെത്തിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ കഠ്വ പെൺകുട്ടിയുടെ കുടുംബവുമായി മുസ്ലിം യൂത്ത്ലീഗ് ദേശീയ മനുഷ്യാവകാശ കമീഷനിൽ. ജമ്മു-കശ്മീരിലെ കഠ്വയിൽ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ വളർത്തു പിതാവിനെ ഡൽഹിയിലെത്തിച്ചാണ് കുടുംബത്തിെൻറ ആവലാതി മനുഷ്യാവകാശ കമീഷനിൽ നേരിട്ട് ബോധിപ്പിച്ചത്. തെൻറയും പെൺകുട്ടിയുടെ പിതാവിെൻറയും പേരിലുള്ള അക്കൗണ്ടിലേക്ക് വിവിധ സന്നദ്ധ പ്രവർത്തകരും സംഘടനകളും നിക്ഷേപിച്ച സഹായധനം ഒരു കോടി രൂപയോളമെത്തിയ ഘട്ടത്തിലാണ് ജമ്മു-കശ്മീർ ബാങ്കിലെ അക്കൗണ്ട് നോട്ടീസ് പോലും നൽകാതെ മരവിപ്പിച്ചതെന്ന് വളർത്തു പിതാവ് പറഞ്ഞു.
ഇതുമൂലം സഹായധനമായി നിക്ഷേപിക്കപ്പെട്ട തുക ഹെഡ് ഓഫിസിൽനിന്ന് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാതെ തടഞ്ഞുെവച്ചിരിക്കയാണ്. അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.കൈക്കുഞ്ഞായ കാലംതൊട്ട് പെൺകുട്ടിയെ വളർത്തിയത് മാതൃസഹോദരൻ കൂടിയായ വളർത്തുപിതാവായിരുന്നു. രസന ഗ്രാമത്തിലെ തെൻറ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കാണാതായതെന്നും മൂന്നു ദിവസങ്ങൾക്കു ശേഷം ജനുവരി 17 നാണ് പീഡനത്തിരയായി അവളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തിനുശേഷം ഇപ്പോഴും കുടുംബത്തിനുനേരെ ഭീഷണിയുള്ളതിനാൽ രസനയിലേക്ക് മടങ്ങാനാവുന്നില്ല. മകളുടെ ഖബർ സന്ദർശിക്കാൻപോലും സാധ്യമല്ലാത്ത അവസ്ഥയാണെന്നും പിതാവ് പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന് നിയമസഹായത്തിനായി പത്താൻ കോട്ടിലെത്തി അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പറഞ്ഞു. പഞ്ചാബിലെ പത്താൻ കോട്ട് കോടതിയിൽ വിചാരണ തടസ്സങ്ങളില്ലാതെ പുരോഗമിക്കുകയാണ്. ഭീഷണികൾക്കിടയിലും വാദിഭാഗത്തിനുവേണ്ടി നൂറു സാക്ഷികൾ ഇതിനകം ഹാജരായി.
ശാസ്ത്രീയ തെളിവുകളും അനുകൂലമാണ്. ജനുവരി അവസാനത്തോടെ അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷയെന്നും സുബൈർ പറഞ്ഞു.
സുബൈറിന് പുറമെ ട്രഷറർ മുഹമ്മദ് യൂനുസ്, ദേശീയ നിർവാഹകസമിതി അംഗങ്ങളായ മുഹമ്മദ് ഹലിം, ഷിബു മീരാൻ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവരോടൊപ്പം മനുഷ്യാവകാശ കമീഷനിലെത്തിയ വളർത്തു പിതാവ് യൂത്ത് ലീഗ് ദേശീയ ലീഗൽ സെൽ ചെയർമാൻ അഡ്വ. സയ്യിദ് മർസൂഖ് ബാഫഖി തങ്ങൾ, കഠ്വ കേസിലെ കൗൺസൽ ഓഫ് അഡ്വക്കേറ്റ്സ് അംഗം അഡ്വ. മുബീൻ ഫാറൂഖി എന്നിവർ മുഖേനയാണ് പരാതി നൽകിയത്.
തിങ്കളാഴ്ച തന്നെ ബാങ്ക് അധികൃതർക്ക് നോട്ടീയ് അയക്കുമെന്ന് കമീഷൻ അറിയിച്ചു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സഹായധനവും കുടുംബത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
