ബക്കർവാൽ സമുദായം നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് ഇന്ത്യൻ സൈന്യത്തിന് വിവരം നൽകിയവർ
text_fieldsന്യൂഡൽഹി: കഠ്വ പെൺകുട്ടി ക്രൂരമായ ബലാത്സംഗ കൊലപാതകത്തിനിരയാക്കപ്പെട്ടത് അവൾ ഉൾപ്പെടുന്ന ബക്കർവാൽ കുടുംബങ്ങളെ ഹിന്ദു ഭൂരിപക്ഷ മേഖലയായ രസന ഗ്രാമത്തിൽനിന്ന് ഒാടിച്ചുവിടാൻവേണ്ടിയായിരുന്നു. എന്നാൽ, പാക് നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് പലതവണ ഇന്ത്യൻ സൈന്യത്തിന് വിവരംനൽകിയ ദേശസ്നേഹികളായിരുന്നു നാടോടി വിഭാഗമായ ബക്കർവാൽ സമുദായം എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
1965ലെ യുദ്ധത്തിനുമുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള പാക് സ്വദേശികളുടെ ശ്രമത്തെ കുറിച്ച് സൈന്യത്തിന് വിവരം നൽകിയത് ബക്കർവാൽ സുദായത്തിൽപ്പെട്ട മുഹമ്മദ് ദീൻ ജാഗറാണ്. ഇന്ത്യൻ സൈന്യത്തിെൻറ കണ്ണുവെട്ടിച്ച് നുഴഞ്ഞുകയറാനായി കശ്മീരി വസ്ത്രം ചോദിച്ച് പാക് സ്വദേശികൾ സമീപിച്ചതായിരുന്നു ജാഗറിനെ. എന്നാൽ, അവരെ സഹായിക്കുന്നതിനുപകരം ജാഗർ ഇന്ത്യൻ സൈന്യത്തെ വിവരമറിയിച്ചു. തക്ക സമയത്ത് ഇടപെട്ട ഇന്ത്യൻ സൈന്യം ഒാപറേഷൻ ജിബ്രാൾട്ടർ എന്ന പേരിൽ കശ്മീരിനെ പാകിസ്താനിൽ ചേർക്കാനുള്ള നീക്കം പൊളിക്കുകയും ചെയ്തു. ധീരതയാർന്ന പ്രവർത്തനത്തിന് ഇന്ത്യ ജാഗറിന് പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയും ചെയ്തു.
ഗുജ്ജാർ ബക്കർവാലുകൾ എന്നറിയപ്പെടുന്ന വിഭാഗം കശ്മീർ ജനതയുടെ 12 ശതമാനംവരും. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ഗോത്രമാണിവർ. കശ്മീർ താഴ്വരയിൽ കുപ്വാര, ഷോപിയാൻ, അനന്ത്നാഗ്, പുൽവാമ, കുൽഗാം, ബുദ്ഗാം തുടങ്ങിയ സ്ഥലങ്ങളിലും ജമ്മുവിൽ പൂഞ്ച്, രജൗരി, കഠ്വ തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഇവർ കൂടുതലുള്ളത്. ശൈത്യകാലമായ ഒക്ടോബർ-ഏപ്രിൽ കാലയളവിൽ സമതല പ്രദേശങ്ങളിൽ കഴിയുന്ന ഇവർ വേനൽക്കാലത്ത് വടക്കുപടിഞ്ഞാറൻ ഹിമാലയൻ മേഖലയിലേക്ക് നീങ്ങും.
ആടുകളെയും ചെമ്മരിയാടുകളെയും വളർത്തുകയാണ് ബക്കർവാലുകളുടെ പ്രധാന തൊഴിൽ. കുതിര, പോത്ത്, നായ തുടങ്ങിയവയെ വളർത്തുന്നവരുമുണ്ട്. ചുരുക്കം ചിലർ മുഴുസമയ കൃഷിക്കാരുമാണ്. ഏറക്കുറെ എല്ലാവരും സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവരാണ്. കശ്മീരിലെ 12 ഗോത്ര വിഭാഗങ്ങളിൽ ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ളവരാണ് ബക്കർവാലുകൾ. 2011ലെ സെൻസസ് പ്രകാരം 7.8 ശതമാനം മാത്രമാണ് ഇവരിൽനിന്ന് 12ാം ക്ലാസ് പാസായവർ. സ്ത്രീകളിൽ 80 ശതമാനവും നിരക്ഷരർ.
1991ൽ സംസ്ഥാന സർക്കാർ ഗുജ്ജാർ ബക്കർവാലുകളെ പട്ടികവർഗത്തിൽപ്പെടുത്തി. സമുദായത്തിലെ ആക്ടിവിസ്റ്റ് ജാവീദ് റാഹിയുടെ വാക്കുകളായ ‘ജമ്മുവിൽ ഞങ്ങൾ മുസ്ലിംകളായും കശ്മീരിൽ ഞങ്ങൾ ദലിതരായും പരിഗണിക്കപ്പെടുന്നു’ എന്നതിൽ സമുദായത്തിെൻറ ദുരവസ്ഥ മുഴുവനുമുണ്ട്.
നാടോടി വിഭാഗമായതിനാൽ താഴ്വരയിലുള്ളവർ പലപ്പോഴും ബക്കർവാലുകളെ തങ്ങളുടെ കൂട്ടത്തിൽ പെടുത്താറില്ല. ജമ്മുവിലുള്ളവരാവെട്ട മുസ്ലിംകൾ എന്ന പേരിൽ അവരെ മാറ്റിനിർത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
