കത്‍വ കൂട്ടബലാൽസംഗം: ജുവനൈൽ പ്രതി പ്രായപൂർത്തിയായ ആൾ; കുറ്റപത്രം സമർപ്പിച്ചു
text_fieldsജമ്മു/ ന്യൂഡൽഹി: കത്‍വയിലെ എട്ടുവയസ്സുകാരിയെ ക്രൂരമായ കൂട്ടബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്തയാളെന്ന് വ്യാജരേഖയുണ്ടാക്കിയ ആളെ കൂടി ഉൾപ്പെടുത്തി പൊലീസ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപിച്ചു. സുപ്രീം കോടതി കഴിഞ്ഞ നവംബർ 22 നാണ് കേസിലെ മുഖ്യ ആസുത്രകൻ കൂടിയായ ശുഭം സംഗ്രയെ പ്രായപൂർത്തിയയാളാണെന്ന് പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജുവനൈൽ ഹോമിലായിരുന്ന സംഗ്രയെ കത്‍വ ജയിലിലേക്ക് മാറ്റയിരുന്നു.
കേസിന്റെ വിചാരണ നടപടികൾ 2018 മെയ് 7ന് സുപ്രീം കോടതി ജമ്മു കശ്മീരിന് പുറത്ത് പഞ്ചാബിലെ പത്താൻകോട്ടിലേക്ക് മാറ്റിയിരുന്നു. പഞ്ചാബ്- ഹരിയാന ഹൈകോടതിയായിരിക്കും മേൽകോടതിയെന്ന് സുപ്രീം കോടതി തീരുമാനിക്കുകയും ചെയ്തിരുന്നു. കൂട്ടബലാൽസംഗത്തിന് മുൻപ് പെൺകുട്ടിക്ക് അമിത ഡോസിൽ മയക്കുമരുന്നു നൽകിയത് ശുഭം സംഗ്രയാണ്. തട്ടിക്കൊണ്ടുപോകലിലും കൂട്ടബലാൽസംഗത്തിലും കൊലപാതകത്തിലും സംഗ്രയ്ക്ക് പങ്കുണ്ടെന്ന് കത്‍വ ചീഫ് ജുഡീഷ്യൽ കോടതിയിൽ സമർപിച്ച കുറ്റപത്രത്തിൽ പറയുന്നു.
കോടതി കേസ് 24 ന് പരിഗണിക്കും. സംഗ്രയടക്കം എട്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഗ്രയെ പ്രായപൂർത്തിയാകാത്തയാളെന്ന് കണക്കാക്കി ജുവനൈൽ നിയമപ്രകാരമാണ് വിചാരണ നടത്തിയത്. എന്നാൽ ഇയാൾ സമർപിച്ച രേഖകളിലെ വൈരുദ്ധ്യം സംബന്ധിച്ച അന്വേഷണത്തിൽ വ്യാജരേഖ ചമച്ചെന്ന് കണ്ടെത്തുകയായിരുന്നു. സംഗ്രയ്ക്ക് 19 നും 23 നും ഇടയ്ക്ക് പ്രായമുണ്ടെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെയും നിഗമനം.
കേസിൽ 2019 ജൂൺ 10 ന് പ്രത്യേക കോടതി കുറ്റകൃത്യം നടന്ന ക്ഷേത്രത്തിന്റെ പരിപാലകനായ സഞ്ജി റാം, സ്‌പെഷ്യൽ പോലീസ് ഓഫീസർ ദീപക് ഖജൂരിയ, പർവേഷ് കുമാർ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്‌പെഷ്യൽ പോലീസ് ഓഫീസർ സുരേന്ദർ വർമ്മ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും 50,000 രൂപ വീതം പിഴയും വിധിച്ചിരുന്നു. ഏഴാം പ്രതി വിശാൽ ജംഗോത്രയെ കോടതി വെറുതെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

