തുണയേകിയ കശ്മീരികൾ സഹോദരരെ പോലെ -പല്ലവി
text_fieldsമഞ്ജുനാഥ് കുടുംബത്തോടൊപ്പം
ബംഗളൂരു: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനിടെ തങ്ങൾക്ക് അഭയമേകിയത് നാട്ടുകാരായ ചെറുപ്പക്കാരെന്നും അവർ തങ്ങൾക്ക് സഹോദരരെ പോലെയെന്നും കൊല്ലപ്പെട്ട കർണാടക ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ ഭാര്യ പല്ലവിയുടെ അനുഭവ സാക്ഷ്യം. പ്രീ യൂനിവേഴ്സിറ്റി ഫൈനൽ പരീക്ഷയിൽ 97 ശതമാനം മാർക്ക് നേടിയ മകൻ അഭിജയിക്ക് സമ്മാനമായാണ് മഞ്ജുനാഥ റാവുവും പല്ലവിയും കശ്മീരിലേക്ക് യാത്രയൊരുക്കിയത്. പക്ഷേ, ആ എല്ലാ സന്തോഷവും പഹൽഗാമിലെ ബൈസാരൻ താഴ്വരയിൽ ഒരു നിമിഷം കൊണ്ട് അസ്തമിക്കുകയായിരുന്നു. ജീവിതത്തിലെ അഭിശപ്തമായ ആ നിമിഷങ്ങൾ വിതുമ്പലോടെ പല്ലവി വാർത്താമാധ്യമങ്ങളോട് പങ്കുവെച്ചു:
‘‘എന്റെ കൺമുന്നിലാണ് ഭർത്താവിനെ ഭീകരവാദികൾ വെടിവെച്ചുവീഴ്ത്തിയത്. ആ ദിവസം രാവിലെ മുതൽ എന്റെ മോൻ ഒന്നും കഴിച്ചിരുന്നില്ല. കുതിരപ്പുറത്ത് താഴ്വരയിലെത്തിയ ഞങ്ങൾ മോൻ വിശക്കുന്നെന്ന് പറഞ്ഞപ്പോൾ റൈഡ് നിർത്തി ഭക്ഷണം തേടി സമീപത്തെ കടയിലേക്ക് പോയതായിരുന്നു. ഭർത്താവ് കടക്കാരനോട് സംസാരിച്ചുനിൽക്കെ, അവർ വെടിയുതിർത്തു. തലക്കാണ് വെടിയേറ്റത്. ഭർത്താവിന്റെ കൂടെ സിന്ദൂരം തൊട്ടുനിൽക്കുന്ന എന്നെ അവർ കണ്ടുകാണും. ഭർത്താവ് ഹിന്ദുവാണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടാവും. എന്നെയും കൊല്ലൂവെന്ന് അവരിലൊരാളോട് ഞാൻ സങ്കടത്തോടെ വിളിച്ചുപറഞ്ഞു. ‘നിങ്ങളെ കൊല്ലില്ല. പോയി മോദിയോട് പറയൂ’ എന്നു പ്രതികരിച്ച് അവർ സ്ഥലംവിട്ടു.
ആ സമയത്ത് ഒരു സൈനികനും ആ ഭാഗത്തുണ്ടായിരുന്നില്ല. മൂന്ന് കശ്മീരി മുസ്‍ലിം യുവാക്കളാണ് അന്നേരം ഞങ്ങളുടെ സഹായത്തിനെത്തിയത്. ‘ബിസ്മില്ലാഹ്..ബിസ്മില്ലാഹ്...എന്നവർ ഉരുവിടുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ 18 വയസ്സുള്ള മകൻ അഭിജയിയെ തോളിലേറ്റി നടന്നു. മറ്റുള്ളവർ അവിടെ നിന്നും ഞങ്ങളെ സുരക്ഷിത സ്ഥലത്തെത്തിച്ചു. അവരെനിക്ക് സഹോദരരെ പോലെയാണ്- പല്ലവി പറഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് കൊല്ലപ്പെട്ട മഞ്ജുനാഥ റാവു (48). മലനാട് അരീക്കനട്ട് മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി ബിരൂർ ശാഖയിൽ മാനേജറാണ് പല്ലവി. മഞ്ജുനാഥിന്റെ വീട്ടിൽ കർണാടക മന്ത്രിമാരടക്കമുള്ളവർ സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

