Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവിൽ പ്രതിഷേധ...

തെരുവിൽ പ്രതിഷേധ ജ്വാലയായി കശ്മീരികൾ

text_fields
bookmark_border
തെരുവിൽ പ്രതിഷേധ ജ്വാലയായി കശ്മീരികൾ
cancel

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീരിൽ തെരുവിലിറങ്ങിയത് ആയിരങ്ങൾ. എന്റെ പേരിലല്ല ഈ ആക്രമണമെന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട് ചിലർ വെറുപ്പ് പടർത്തുമ്പോഴും കശ്മീരുകാർ വ്യക്തമാക്കുന്നത്. ഭീകരാക്രമണത്തെ അപലപിക്കാൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജനം തെരുവിലിറങ്ങി. വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കീഴിലും അല്ലാതെയും പ്രതിഷേധക്കാർ തെരുവുകളിൽ അണിനിരന്നു. പലയിടങ്ങളിലും പാകിസ്താനും ഭീകരർക്കുമെതിരെ മുദ്രാവാക്യങ്ങളുയർന്നു. ശ്രീനഗർ നഗരത്തിലും കശ്മീരിന്റെ മറ്റ് ഭാഗങ്ങളിലും ബന്ദ് ആചരിച്ചു. സമീപകാലത്തൊന്നും ഈ അവസ്ഥയുണ്ടായിട്ടില്ല. ആറ് വർഷത്തിനിടെ കശ്മീരിൽ നടക്കുന്ന ആദ്യത്തെ ബന്ദാണ് ഇന്നലത്തേത്. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മുസ്‍ലിം, ഹിന്ദു വിഭാഗങ്ങളിലുള്ളവർ സംയുക്തമായി പ്രതിഷേധിച്ചു. ഈ ഭാഗത്ത് ഇത്തരമൊരു പ്രതിഷേധം ആദ്യമായാണ്. നേതൃത്വം നൽകിയത് ഇസ്‍ലാമിക പണ്ഡിതരാണ്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനുമെതിരെ പൊരുതുന്നതിനിടെ ഈ വിവേകശൂന്യമായ ആക്രമണം മുറിവ് കൂടുതൽ ആഴത്തിലാക്കിയെന്ന് ബൗളി ബസാറിലെ ജാമിയ മസ്ജിദിലെ ഇമാം ഗുൽ മുഹമ്മദ് ഫാറൂഖി പറഞ്ഞു. ഇസ്‍ലാമിന് വിരുദ്ധമായ ഈ പ്രവൃത്തിയെ അപലപിക്കുന്നതായും ഫാറൂഖി കൂട്ടിച്ചേർത്തു.

ഇത്തരം ആക്രമണങ്ങൾ നടക്കാൻ പാടില്ലെന്നും കശ്മീരിന്റെയോ ഇസ്‍ലാമിന്റെയോ പേരിലുള്ള ആക്രമണമല്ല ഇതെന്നും ശ്രീനഗർ നഗരത്തിലെ ഹാജി ബഷീർ അഹമ്മദ് ദാർ വാർത്ത ഏജൻസിയോട് പറഞ്ഞു.

2016ൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ തെരുവിലിറങ്ങിയ തെക്കൻ കശ്മീർ ജില്ലകളിലും പ്രതിഷേധങ്ങൾ നടന്നു. തീവ്രവാദ ഭീഷണി ഇല്ലാതാക്കാൻ നടപടി വേണമെന്ന് കുൽഗാമിലെ പഴവർഗ കർഷകനായ ജി.എം. ബന്ദേ പറഞ്ഞു. തീവ്രവാദത്തെ വേരോടെ പിഴുതെറിയണം. കശ്മീരിലെ ജനങ്ങൾ എപ്പോഴും തീവ്രവാദത്തിനെതിരാണ്. യുവാക്കളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതാണ് ഭീകരപ്രവർത്തനങ്ങളെന്നും ബന്ദേ അഭിപ്രായപ്പെട്ടു. ഭീകരത ഇല്ലാതാക്കാൻ സർക്കാറിനൊപ്പം കശ്മീരി ജനതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് വ്യാപാരി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞാൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരികൾ ഭീകരതക്കൊപ്പമല്ല എന്ന സന്ദേശം ലോകത്തിന് നൽകാനാണ് പ്രതിഷേധിക്കുന്നതെന്ന് കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയിലെ സാമൂഹിക പ്രവർത്തകനായ തൗസീഫ് അഹമ്മദ് വാർ പറഞ്ഞു.

ആക്രമണത്തിന് പിന്നിലെ കുറ്റവാളികൾ ഇസ്‍ലാമിന്റെ അനുയായികളോ ജമ്മു- കശ്മീരിലെ ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരോ അല്ലെന്ന് ശ്രീനഗർ എം.പി ആഗ സയ്യിദ് റുഹുള്ള മെഹ്ദിയും അഭിപ്രായപ്പെട്ടു. നമ്മുടെ പേരിലോ മതത്തിന്റെ പേരിലോ ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടത്തരുതെന്ന് ജമ്മു- കശ്മീരിലെ ജനങ്ങൾ പറയുകയാണെന്നും നാഷനൽ കോൺഫറൻസ് നേതാവ് കൂടിയായ മെഹ്ദി പറഞ്ഞു. വിനാശകരമായ വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലുകളുടെയും ദുരിതങ്ങൾക്കിടയിലും ജമ്മുവിലെ റംബാൻ നിവാസികളും ബന്ദ് ആചരിച്ചു. പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി ശ്രീനഗറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ ജനങ്ങളോട് ക്ഷമാപണം നടത്തി. സംഭവത്തിൽ കശ്മീരികൾ ലജ്ജിക്കുന്നുവെന്നും അവർ പറഞ്ഞു. ഭരണകക്ഷിയായ നാഷനൽ കോൺഫറൻസും ആക്രമണത്തിൽ പ്രതിഷേധിച്ച് ലാൽ ചൗക്കിൽ മാർച്ച് നടത്തി.

പഹൽഗാം കൂട്ടക്കൊലക്കെതിരെ ജമ്മു മേഖലയിലും പ്രതിഷേധം ആളിക്കത്തി. പാകിസ്താനെതിരെയാണ് രോഷമുയർന്നത്. മതസംഘടനകളും രാഷ്ട്രീയ പാർട്ടിക്കാരും സാമൂഹിക സാംസ്കാരിക സംഘടനകളും തെരുവിലിറങ്ങി. ജനങ്ങൾ പാകിസ്താന്റെ പതാക കത്തിച്ചു. പാകിസ്താനും ജമ്മു- കശ്മീരിൽ ഭീകരരെ പിന്തുണക്കുന്നവർക്കും ചുട്ട മറുപടി നൽകണമെന്ന് ജനം ആവശ്യപ്പെട്ടു. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirPahalgam Terror Attack
News Summary - Kashmiris take to the streets in protest
Next Story