എൻ.ഐ.എ കസ്റ്റഡിയിലിരുന്ന കശ്മീരി വനിതക്ക് കോവിഡ് സ്ഥിരീകരിച്ചു
text_fieldsന്യൂഡല്‍ഹി: ഐ.എസുമായി ബന്ധപ്പെട്ട് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടു, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ പ്രേരണ നല്‍കി എന്നീ കേസുകളിൽ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) കസ്റ്റഡിയില്‍ കഴിയുന്ന കശ്മീരി വനിതക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച ഹിന ബഷീര്‍ ബേഗിെന ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. കൊറോണ വൈറസ് കേസുകൾ കൊണ്ട് വീർപ്പുമുട്ടുന്ന ഡൽഹിയിൽ മതിയായ ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവർക്ക് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹരജി കോടതിയുടെ പരിഗണനയിലാണ്. ഹിനയുടെ ഭര്‍ത്താവ് ജഹാന്‍സെയ്ബ് സമി, ഇവർക്കൊപ്പം കസ്റ്റഡിയിലായ അബ്ദുൽ ബാസിത്ത് എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രൊവിൻസ് (ഐ.എസ്.കെ.പി) എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് മാർച്ച് 23നാണ് മൂവരെയും ഡൽഹി പൊലീസിലെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്യുന്നത്. ഇവർ ഇന്ത്യയിൽ ഭീകരാക്രമണം പദ്ധതിയിട്ടെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്താൻ പ്രേരണ നൽകിയെന്നും ചൂണ്ടിക്കാട്ടി കേസ് പിന്നീട് എൻ.ഐ.എക്ക് കൈമാറി.
ഐ.എസ്.കെ.പിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ഇവർ ശ്രമിച്ചിരുന്നെന്നും എൻ.ഐ.എ പറയുന്നു. ജഹാൻസെയ്ബും ബാസിത്തും നടത്തിയ സംഭാഷണത്തിൽ നിന്ന് ഇവർ ട്രക്കോ ലോറിയോ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റി നിരവധി പേരെ കൊല്ലാൻ യുവാക്കളെ പേരിപ്പിച്ചതിന് തെളിവുകൾ കിട്ടിയെന്നും എൻ.ഐ.എ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നുപേരും ഐ.എസ്.കെ.പിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അബു ഉസ്മാൻ അൽ കശ്മീരിയുമായി ബന്ധപ്പെട്ടിരുന്നെന്നും എൻ.ഐ.എ പറയുന്നു.
ഇവരുടെ സ്രവ സാമ്പിള്‍ കോവിഡ് പരിശോധനയ്ക്ക് അയയ്ക്കാന്‍ ജൂണ്‍ ആറിനാണ് കോടതി നിർദേശിച്ചത്. ഇതിൽ ഹിനയുടെ ഫലം പൊസിറ്റിവ് ആയെന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
