‘പെല്ലറ്റുകൾ എന്റെ കാഴ്ച്ച തകർത്തു, പക്ഷെ ആത്മവിശ്വാസം തകർത്തില്ല’; മാതൃകയായി ഇൻഷ മുഷ്താഖിന്റെ വിജയഗാഥ
text_fieldsപെല്ലറ്റുകൾ തുളച്ചുകയറി കാഴ്ച്ച നശിച്ചിട്ടും പതറാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം വെട്ടിപ്പിടച്ച ഇൻഷ മുഷ്താഖാണിപ്പോൾ സോഷ്യൽമീഡിയയിലെ താരം. ജമ്മു കശ്മീരിലെ ഷോപിയാനില്‍ 2016ൽ നടന്ന പ്രക്ഷോഭത്തിനിടെ കാഴ്ച നഷ്ടപ്പെട്ട ഇന്‍ഷ, പ്ലസ് ടു പരീക്ഷയില്‍ ഉജ്വലവിജയം നേടിയാണ് നാടിന്റെ അഭിമാനമായത്.
തെക്കൻ കശ്മീരിലെ ഷോപ്പിയാൻ സ്വദേശിയാണ് ഇൻഷ. 2016-ൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദ സംഘടനയുടെ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നുള്ള പ്രക്ഷോഭത്തിലാണ് ഇൻഷയുടെ കാഴ്ചശക്തി നഷ്ടമാകുന്നത്. .പ്രക്ഷോഭം നടക്കുന്ന സമയത്ത് വീടിന്റെ ജനലിന് സമീപം നില്‍ക്കുകയായിരുന്ന ഇന്‍ഷയുടെ കണ്ണില്‍ പെല്ലറ്റുകള്‍ തറച്ചാണ് കാഴ്ച നഷ്ടമായത്. പ്രക്ഷോഭ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇൻഷ മുറിയിലെ ജനൽ തുറന്ന് പുറത്തേക്ക് നോക്കുമ്പോഴായിരുന്നു വെടിയുണ്ട കണ്ണിൽ പതിച്ചത്. കാഴ്ചശക്തി നഷ്ടപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഇൻഷ പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു.
10-ാം ക്ലാസ്സിന് ശേഷം ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂളിലായിരുന്നു ഇൻഷയുടെ തുടർ പഠനം. ഇംഗ്ലീഷ് സ്പീക്കിംഗിലുൾപ്പെടെ മൂന്ന് വർഷത്തെ കോഴ്സെടുത്തു. പ്രതീക്ഷയും ധൈര്യവും നഷ്ടപ്പെടരുതെന്നും പഠിച്ച് സ്വതന്ത്രയാകണമെന്നും വീട്ടുകാർ അവളോട് നിരന്തരം ഉപദേശിച്ചു. ഒരു ഐഎഎസ് ഓഫീസർ ആകണം, അതിലൂടെ എല്ലാ കാഴ്ച വൈകല്യമുള്ളവർക്കും മാതൃകയാകണം. അവരോരോരുത്തരും സ്വതന്ത്രരായി ജീവിതത്തിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇൻഷ പറഞ്ഞു.
319 മാര്‍ക്ക് നേടിയാണ് ഇന്‍ഷ പ്ലസ് ടു പരീക്ഷയിൽ വിജയം കൊയ്തത്. വെള്ളിയാഴ്ചയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പത്താംതരം പരീക്ഷ എഴുതാന്‍ മറ്റൊരാളുടെ സഹായം തേടിയ ഇന്‍ഷ, പിന്നീട് ബ്രെയ്-ലി ലിപി പഠിച്ചെടുക്കുകയായിരുന്നു. 2016-ലെ വേനൽക്കാലത്ത് മിക്ക സമയത്തും ഇൻഷ ആശുപത്രികളിലും പുറത്തും നിരവധി ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും വിധേയമാവുകയായിരുന്നു. പിന്നീട് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) കൊണ്ടുപോയി. അവിടെ ഒരു മാസത്തിലധികം താമസിച്ച് ചികിത്സതേടി.
ഒരു മാസത്തോളം മുംബൈയിലെ ആശുപത്രിയിലും ചികിത്സിച്ചു. വർഷങ്ങളായി സങ്കീർണ്ണമായ നിരവധി നേത്ര ശസ്ത്രക്രിയകൾക്ക് വിധേയരായിട്ടും, ഇൻഷയുടെ കണ്ണുകളുടെ കാഴ്ച പുനരുജ്ജീവിപ്പിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.
ഇൻഷ 2018-ൽ ബ്രെയിൽലിപി പഠിക്കാൻ തുടങ്ങി. ഇപ്പോൾ ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ ബ്രെയിലി പഠനത്തിൽ പൂർണ്ണമായും പരിശീലനം നേടിയിട്ടുണ്ട്. ‘ഞാൻ ജന്മനാ അന്ധനായിരുന്നില്ല, അതിനാൽ ബ്രെയിൽ ഭാഷാ സമ്പ്രദായം പഠിക്കുന്നത് എനിക്ക് എളുപ്പമായിരുന്നില്ല. എന്നാൽ കഠിനാധ്വാനം കൊണ്ട് എനിക്ക് അത് പഠിക്കാൻ കഴിഞ്ഞു’-ഇൻഷ പറയുന്നു.
ഇനിയൊരിക്കലും പഠിക്കാൻ കഴിയില്ലെന്ന് ചിന്തിച്ചിരുന്ന സന്ദർഭങ്ങളും ഉണ്ടായിരുന്നതായി ഇൻഷ പറയുന്നു. ‘എന്നാൽ എന്റെ മാതാപിതാക്കളുടെ സഹായവും പിന്തുണയും കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. സർവ്വശക്തനായ ദൈവത്തിന് നന്ദി’-ഇൻഷ പറഞ്ഞു.
കശ്മീരിലെ പോലീസും സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) ഉപയോഗിക്കുന്ന പെല്ലറ്റ് ഷോട്ട്ഗൺ കാരണം നൂറുകണക്കിന് യുവാക്കളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതലും യുവാക്കളെയാണ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് ലക്ഷ്യമിടുന്നത്. 13 വയസ്സ് പ്രായമുള്ള കുട്ടികൾ പോലും പെല്ലറ്റുകളാൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
2019-ൽ കാശ്മീർ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘അസോസിയേഷൻ ഓഫ് പാരന്റ്സ് ഓഫ് ഡിസപ്പിയേർഡ് പേഴ്‌സൺസ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കശ്മീരിൽ 4,500 പേർ പെല്ലറ്റ് വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 352 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

