Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാർക്ക് നേരെ ഭീകരാക്രമണ ഭീഷണി മുഴക്കിയ കശ്മീരി പണ്ഡിറ്റ് ആക്ടിവിസ്റ്റ് അറസ്റ്റിൽ

text_fields
bookmark_border
Kashmiri Pandit Activist Rakesh Handoo Arrested Over Terror Threats to Employees; Booked Under UAPA
cancel
camera_alt

രാകേഷ് ഹന്ദു


ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് സർക്കാർ ജീവനക്കാർക്ക് നേരെ അടുത്തിടെയുണ്ടായ ഭീകര ഭീഷണികൾക്ക് പിന്നിൽ പ്രവർത്തിച്ചെന്ന കേസിൽ പ്രമുഖ കശ്മീരി പണ്ഡിറ്റ് ആക്ടിവിസ്റ്റ് രാകേഷ് ഹന്ദു അറസ്റ്റിൽ. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കർശനമായ യു.എ.പി.എ, സൈബർ ഭീകരവാദ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിൽ കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ പേരുകളും ഫോൺ നമ്പറുകളും ഉൾപ്പെടുത്തിയുള്ള ഭീഷണി കത്തുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്ന് സുരക്ഷാ ഭീതിയെ മുൻനിർത്തി പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ് പ്രകാരം നിയമിതരായ നൂറുകണക്കിന് കശ്മീരി പണ്ഡിറ്റ് ജീവനക്കാരെ ഭരണകൂടം മൂന്നാഴ്ചത്തോളം അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിക്കാൻ നിർബന്ധിതരായിരുന്നു.

ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്; സമൻസുകൾ അവഗണിച്ചു

കേസിൽ രാകേഷ് ഹന്ദുവിന് നേരിട്ട് പങ്കാളിത്തമുണ്ടെന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുജിത് കുമാർ വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടപടി. സെപ്റ്റംബർ 21-നാണ് ബാരാമുള്ള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 26-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും തുടർച്ചയായ പൊലീസ് സമൻസുകൾ രാകേഷ് ഹന്ദു അവഗണിക്കുകയായിരുന്നു. ഒടുവിൽ ഒക്ടോബർ 17-ന് ഗ്രേറ്റർ ഫരീദാബാദിലെ വസതിയിൽ വെച്ച് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. അറിയപ്പെടുന്ന പണ്ഡിറ്റ് ആക്ടിവിസ്റ്റായ രാകേഷ് ഹന്ദു, 2008-ലെ ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീനഗറിലെ ഹസ്രത്ബാൽ മണ്ഡലത്തിൽ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പണ്ഡിറ്റ് ജീവനക്കാരുടെ ആശങ്കയും സുരക്ഷാ നടപടികളും

1990-കളിൽ വിഘടനവാദ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നാടുവിടേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി 2010-ലാണ് പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിൽ പാക്കേജ് ആരംഭിച്ചത്. ഈ പദ്ധതിക്ക് കീഴിൽ ആറായിരത്തോളം പേർ താഴ്‌വരയിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്. 2022-ൽ ഭീകരർ അഞ്ച് കശ്മീരി പണ്ഡിറ്റുകളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിനെത്തുടർന്ന് ജീവനക്കാർ ഏഴുമാസത്തോളം ശക്തമായ സമരം നടത്തിയിരുന്നു. തങ്ങളെ സുരക്ഷിതമായ ജമ്മുവിലേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല; പകരം ശ്രീനഗറിലെയും പ്രധാന നഗരങ്ങളിലെയും താരതമ്യേന സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് ഇവരെ പുനർവിന്യസിക്കുകയാണുണ്ടായത്. കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്കും പണ്ഡിറ്റുകൾക്കും നേരെ ഉണ്ടായ ഭീഷണികൾക്ക് പിന്നാലെ സുരക്ഷാ സേന നടത്തിയ വ്യാപക പരിശോധനയിൽ മൂവായിരത്തിലധികം പേരെയാണ് തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്നവരെന്ന പേരിൽ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ദൗർഭാഗ്യകരമെന്ന് കശ്മീരി പണ്ഡിറ്റ് നേതൃത്വം

ഭീകരവാദത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു സമുദായത്തിൽ നിന്നുള്ള പൊതുപ്രവർത്തകനെ സൈബർ ഭീകരവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) നേതാവും കശ്മീരി പണ്ഡിറ്റ് പ്രതിനിധിയുമായ സഞ്ജയ് സറഫ് പ്രതികരിച്ചു. രാകേഷ് ഹന്ദുവിനെതിരായ കുറ്റങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kashmiri Pandit Activist Rakesh Handoo Arrested Over Terror Threats to Employees; Booked Under UAPA
Next Story