
കശ്മീരിൽ പൊലീസുകാരന് വീരമൃത്യു; മൂന്നു ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: ശ്രീനഗറിലെ പാന്താചൗക്കിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആർ.പി.എഫ് സംഘത്തിനുനേരെ ഭീകരാക്രമണം. ഒരു പൊലീസുകാരന് വീരമൃത്യു. ഭീകരവേട്ടയിൽ പ്രത്യേക പരിശീലനം നേടിയിരുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബാബു റാം ആണ് മരിച്ചത്. പ്രത്യാക്രമണത്തിൽ മൂന്നു ലശ്കർ ഭീകരരെ സുരക്ഷസേന വധിച്ചു.
സി.ആർ.പി.എഫും ജമ്മു-കശ്മീർ പൊലീസും സംയുക്തമായി ശനിയാഴ്ച രാത്രി നടത്തിയ പട്രോളിങ്ങിനിടെയാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. തുടർന്ന് കൂടുതൽ സൈനികരെത്തി തിരച്ചിൽ തുടരുന്നതിനിടെ ഭീകരർ വീണ്ടും വെടിയുതിർത്തതോടെ നടന്ന ഏറ്റുമുട്ടലിലാണ് എ.എസ്.െഎ മരിച്ചത്. ഭീകരരെ വളഞ്ഞ പൊലീസ്, കീഴടങ്ങാൻ ആവശ്യപ്പെെട്ടങ്കിലും കൂട്ടാക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ലശ്കറെ ത്വയ്യിബ പ്രാദേശിക കമാൻഡറാണെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ജമ്മു-കശ്മീരിലെ പുൽവാമ സദൂര ഏരിയയിൽ തീവ്രവാദികളും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യു വരിച്ചിരുന്നു. മൂന്നു തീവ്രവാദികളെയും സേന വധിച്ചു.
വെള്ളിയാഴ്ച ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ കിലോറ ഏരിയയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു തീവ്രവാദികളെ തിരച്ചിലിനിടെ സുരക്ഷസേന വധിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
