സുരക്ഷ വലയത്തിൽ കശ്മീർ; സ്ഥിതി ശാന്തമെന്ന് അധികൃതർ
text_fieldsശ്രീനഗർ: സംസ്ഥാന വിഭജന തീരുമാനത്തിന് മുന്നോടിയായി ജമ്മു-കശ്മീരിനെ സുരക്ഷ വലയത്തിലാക്കിയ കേന്ദ്ര സർക്കാർ, പ്രഖ്യാപനാനന്തരം അതിജാഗ്രതയിൽ. തുടർച്ചയായ രണ്ടാം ദിവസവും കർഫ്യു സമാന നിയന്ത്രണങ്ങളാണ് ഭൂരിഭാഗം മേഖലകളിലും നിലവിലുള്ളത്. സംസ്ഥാനമെമ്പാടും 144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞയും നിലവിലുണ്ട്. ജമ്മു, കശ്മീർ, ലഡാക് മേഖലകളിലെല്ലാം ഒരുപോലെ സുരക്ഷ ഒരുക്കിയ അധികൃതർ, മൂന്നു മേഖലകളും ശാന്തമാണെന്നാണ് വിശദീകരിക്കുന്നത്. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
അതേസമയം, സർക്കാറിെൻറ ഒൗദ്യോഗിക അറിയിപ്പുകൾ മാത്രമാണ് താഴ്വരയിൽനിന്ന് പുറത്തുവരുന്നത്. വാർത്തവിനിമയ സംവിധാനങ്ങളും ഇൻറർനെറ്റും തടസ്സപ്പെടുത്തിയതിനാൽ മറ്റു ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാത്ത അവസ്ഥയാണ്. പൊലീസിനും സി.ആർ.പി.എഫിനും പുറമെ, സൈന്യവും മുന്നൊരുക്കങ്ങൾ നടത്തിയാണ് നീങ്ങുന്നത്. വടക്കൻ മേഖല കമാൻഡറുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ, ഏതു സാഹചര്യം നേരിടാനും സൈന്യം തയാറാണെന്ന് അധികൃതർ വിശദീകരിക്കുന്നു.
സംസ്ഥാനത്ത് എവിടെയും പ്രശ്ന സാഹചര്യം ഇല്ലെന്ന് പൊലീസ് മേധാവി ദിൽബാഗ് സിങ് ശ്രീനഗറിൽ പറഞ്ഞു. തീർത്തും സമാധാനപരമായ സാഹചര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു തരത്തിലുള്ള അട്ടിമറി ശ്രമങ്ങളും ഉണ്ടാവാൻ അവസരം നൽകാത്ത വിധം സുരക്ഷ ഉറപ്പുവരുത്താനായി സേനയുടെ കോർ ഗ്രൂപ് യോഗം ചേർന്നതായി സേന വൃത്തങ്ങൾ അറിയിച്ചു. ഉത്തര കമാൻഡ് മേധാവി െലഫ്. ജനറൽ രൺബീർ സിങ്ങിെൻറ നേതൃത്വത്തിൽ ശ്രീനഗറിൽ ചേർന്ന യോഗത്തിൽ ഉന്നത സൈനിക, പൊലീസ്, അർധസൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംബന്ധിച്ചതായും സേന അറിയിച്ചു.
ഇതിനിടെ, കശ്മീരിലെ പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്ന്, ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചുപോകുന്ന അവസ്ഥയുണ്ട്. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഏതുവിധേനയും സംസ്ഥാനം വിടാൻ നോക്കുന്നത്. താഴ്വരയാകെ നിശ്ചലമായതോടെ തൊഴിലും ഇല്ലാതായ ആയിരക്കണക്കിന് നിത്യകൂലിക്കാർ ശ്രീനഗറിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
