Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെല്ലറ്റ് ആക്രമണത്തിൽ...

പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട കശ്മീരി യുവതിക്ക് 41 ലക്ഷം നഷ്ടപരിഹാരം

text_fields
bookmark_border
ഇൻഷാ മുഷ്താഖ്
cancel
camera_alt

ഇൻഷാ മുഷ്താഖ്

ജമ്മു കശ്മീർ: 2016-ലെ പ്രക്ഷോഭത്തിനിടയിൽ പെല്ലറ്റ് ഗൺ ആക്രമണത്തിന് ഇരയായി കാഴ്ച നഷ്ടപ്പെട്ട ഇൻഷ മുഷ്താഖിന് ജമ്മു കശ്മീർ സർക്കാർ നഷ്ടപരിഹാര തുക അനുവദിച്ചു. ഫണ്ട് ലഭിച്ചതിന് പിന്നാലെ, "പെല്ലറ്റ് ഗണ്ണുകൾ ഇന്ത്യയിൽ എവിടെയും ഒരിക്കലും ഉപയോഗിക്കരുത്" എന്ന് ഇൻഷ പ്രതികരിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങളും ചർച്ചകളും സജീവമാകുന്നതിനിടയിലാണ് ഇൻഷക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കിക്കൊണ്ടുള്ള ജമ്മു കശ്മീർ സർക്കാരിന്റെ സുപ്രധാന നടപടി.

ഒരു പതിറ്റാണ്ട് മുമ്പത്തെ സംഘർഷകാലത്ത് കശ്മീരിൽ നിരവധി പേർക്കാണ് പെല്ലറ്റ്ഗൺ ഉപയോഗത്തിൽ കാഴ്ച നഷ്ടപ്പെട്ടത്. അന്ന് പരിക്കേറ്റ 12,000 പേരിൽ പകുതി പേർക്കും പെല്ലറ്റ്ഗൺ വെടിയേറ്റതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. വിദേശ മാധ്യമങ്ങൾ ഈ സംഭവത്തെ ‘എപിഡമിക്ക് ഓഫ് ഡെഡ് ഐ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

2016 ജൂലൈയിൽ വീടിന്റെ ജനാലക്കരികിലിരുന്ന് എട്ടാം ക്ലാസ് പരീക്ഷക്ക് തയാറെടുക്കുമ്പോഴാണ് പതിനാലുവയസ്സുകാരി ഇൻഷക്ക് നേരെ പെല്ലറ്റ് ഏൽക്കുന്നത്. ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടും രണ്ട് കണ്ണുകളുടെയും കാഴ്ച വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇൻഷക്ക് ഇപ്പോൾ 24 വയസ്സാണ് പ്രായം. മുഖത്തും തലയോട്ടിയിലെ എല്ലുകൾക്കും ഗുരുതരമായ ഒടിവുകൾ അടക്കം നൂറോളം പെല്ലറ്റ് മുറിവുകളാണ് ഇൻഷയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

വിഷയത്തിൽ ജമ്മു കശ്മീർ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി സതീഷ് ശർമ്മയുടെ പ്രതികരിച്ചു. ‘വൈകിയാണെങ്കിലും നീതി ലഭിച്ചിരിക്കുന്നു. 2016ൽ പെല്ലെറ്റ് ആക്രമണത്തിൽ ഇൻഷ മുഷ്താഖിന് കാഴ്ച നഷ്ടപ്പെട്ടു. 2018ൽ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടർഷിപ്പ് അനുവദിച്ചെങ്കിലും അത് പൂർത്തിയായിരുന്നില്ല. മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ നേതൃത്വത്തിൽ, ഈ കേസിന് അന്തിമ പരിഹാരം കാണുന്നതിനായി 41.16 ലക്ഷം രൂപയുടെ ബാക്കി തുക അനുവദിച്ചിരിക്കുന്നു.’- സതീഷ് ശർമ്മ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ സഹായം പ്രഖ്യാപിച്ചപ്പോൾ ഏജൻസിക്കായി ഏകദേശം 20 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും, എന്നാൽ യാതൊരു സർക്കാർ പദ്ധതിയുടെയും പ്രത്യേക ഭാഗമല്ലാതെയുള്ള പ്രത്യേക വ്യവസ്ഥയിലൂടെയാണ് ഇപ്പോൾ ബാക്കിയുള്ള 41 ലക്ഷത്തിലധികം രൂപ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇൻഷ പറഞ്ഞത് ഉത്തരം സംഭവം ഇനിയും ആവർത്തിക്കരുതെന്നാണ്. ‘എന്റെ ജീവിതം തകർന്നതുപോലെ മറ്റാരുടെയും ജീവിതം തകർക്കാതിരിക്കാൻ ഇന്ത്യയിൽ എവിടെയും പെല്ലറ്റുകൾ ഒരിക്കലും ഉപയോഗിക്കരുത്’. കശ്മീരിൽ തന്നെപ്പോലെ കഷ്ടപ്പാടുകൾ അനുഭവിച്ച ആയിരക്കണക്കിന് ആളുകളുണ്ടെന്നും പെല്ലറ്റുകൾ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കാഴ്ചയില്ലാതെ പുതിയൊരു ജീവിതവുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇൻഷ പറഞ്ഞു. ’എന്റെ ജീവിതത്തിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ദൈവത്തിന്റെ സഹായവും മാതാപിതാക്കളുടെ പ്രചോദനവും കൊണ്ട് ഞാൻ മുന്നോട്ട് ജീവിക്കാൻ തുടങ്ങി.’

2018ൽ ഒരു റൈറ്ററുടെ സഹായത്തോടെ ഇൻഷ പത്താം ക്ലാസ് പരീക്ഷ പാസായി. നിലവിൽ അവർ തന്റെ ബിരുദ പഠനത്തിന്റെ അവസാന വർഷത്തിലാണ്. ഭാവിയിൽ സ്വയംപര്യാപ്തയാകാൻ ഇൻഷക്ക് ഒരു ഗ്യാസ് ഏജൻസി നൽകുമെന്ന് 2018 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് രേഖകളിൽ മാത്രമായി ഒതുങ്ങിയെന്ന് ഇൻഷയുടെ കുടുംബം ആരോപിച്ചിരുന്നു.

2010ലാണ് ജമ്മു കശ്മീരിൽ പെല്ലറ്റ്ഗൺ ഉപയോഗിച്ചുതുടങ്ങുന്നത്. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത താരതമ്യേന കുറവുള്ള ആയുധമെന്ന നിലയിലാണ് പെല്ലറ്റ്ഗൺ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ 2016ലെ സംഘർഷകാലത്ത് ഈ ആയുധം വ്യാപകമായി ഉപയോഗിക്കപ്പെടുകയായിരുന്നു. സ്ഥിതിഗതികൾ മാറിയതിനാൽ നിലവിൽ കശ്മീർ താഴ്‌വരയിൽ പെല്ലറ്റ്ഗണ്ണുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu KashmircompensationPellet Gun AttackKashmirIndia
News Summary - പെല്ലെറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട കശ്മീരി യുവതിക്ക് 41 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു
Next Story