കശ്മീരിൽ സ്ത്രീകളുടെ മുടിമുറിച്ചെന്നാരോപിച്ച് വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു
text_fieldsശ്രീനഗര്‍: രാത്രിയില്‍ സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച് കശ്മീരില്‍ വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു. അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ എഴുപതുകാരൻ അബ്ദുള്‍ സലാം വാനി ആണ് കൊല്ലപ്പെട്ടത്. രാത്രി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സലാം വനിയെ കല്ലെറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ സലാം വാനിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ ചില സ്ത്രീകളുടെ മുടി മുറിച്ചു നീക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. രാത്രിയിൽ സ്ത്രീകളുടെ മുറിമുടിക്കുന്നയാളെന്ന് ആരോപിച്ചാണ് യുവാക്കൾ വാനിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് അനന്ത്നാഗ് പൊലീസ് വ്യക്തമാക്കി. വാനിയെ കൂട്ടം ചേർന്ന് ആക്രമിച്ചതല്ലെന്നും അബദ്ധത്തിലുണ്ടായ സംഭവമായതിനാലാണ് പൊലീസില്‍ അറിയിക്കാതിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് അടുത്തിടെ ഭിന്നലിംഗക്കാരിയെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ജനക്കൂട്ട ആക്രമണത്തിൽ നിന്നും പൊലീസാണ് ഇവരെ രക്ഷപ്പെടുത്തിയത്. മുടി മുറിക്കുന്നയാളെ പിടികൂടുന്നതിന് ഗ്രാമവാസികൾ പ്രദേശത്ത് രാത്രി പട്രോളിങ് നടത്തിവരുന്നുണ്ട്. കഴിഞ്ഞയാഴ്ച സുഹൃത്തിനെ കാണാനെത്തിയ ബാരാമുള്ള സ്വദേശിയായ കൗമാരക്കാരനെയും ഗ്രാമവാസികൾ മർദിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
