ലഖ്നോ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് വീണ്ടും അക്രമം. വീടുകളും കടകളും തകർക്കപ്പെട്ടു. അതേസമയം, സംഘർഷം സംബന്ധിച്ച് കേന്ദ്രസർക്കാർ യു.പി സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഘർഷം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചോദിച്ചു.
ജില്ല ആസ്ഥാനത്തുനിന്ന് 25 കിലോമീറ്റർ അകലെ അമൻപുരിൽ ഇൗദ്ഗാഹിെൻറ മതിൽ അക്രമികൾ ചൊവ്വാഴ്ച തകർത്തു. മതിലിെൻറ ഭാഗമായുണ്ടായിരുന്ന താഴികക്കുടമാണ് തകർത്തത്. സ്ഥിതി നിയന്ത്രണാധീനമാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30ന് ഇന്ദിര മാർക്കറ്റ് മേഖലയിൽ കടക്ക് തീവെച്ചു.
ജില്ല ഭരണകൂടം മുൻകൈയെടുത്ത് രൂപവത്കരിച്ച സമാധാന കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് യോഗം ചേർന്ന്, സമാധാനം നിലനിർത്താൻ എല്ലാ സമുദായങ്ങളോടും ആഹ്വാനം ചെയ്തു.
സംഘർഷവുമായി ബന്ധപ്പെട്ട് 112 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആറു കേസുകൾ രജിസ്റ്റർ ചെയ്തു. റിപ്പബ്ലിക്ദിനത്തിൽ രാത്രി വൈകി ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായതിനെ തുടർന്ന് ചന്ദൻ ഗുപ്ത (22) കൊല്ലപ്പെട്ട കേസിൽ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.
വീടുകൾ കയറി നടത്തിയ പരിശോധനയിൽ സ്േഫാടക വസ്തുക്കളും മറ്റും കണ്ടെടുത്തു. ഇൗ കേസുകളിൽ കുറ്റക്കാർക്കെതിരെ ദേശസുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചു. ദ്രുതകർമ സേനയും പ്രത്യേക സായുധസേനയും സംഘർഷ മേഖലയിൽ ഫ്ലാഗ് മാർച്ച് നടത്തി. കർഫ്യൂ നിലനിൽക്കുന്നു. സംഘർഷ മേഖലയിൽ പൊലീസ് മോേട്ടാർ സൈക്കിൾ പട്രോളിങ് ആരംഭിച്ചു. ആകാശ നിരീക്ഷണത്തിന് മൂന്ന് ഡ്രോൺ കാമറകൾ ഉപയോഗിക്കുന്നു.
ഒൗദ്യോഗിക കണക്കു പ്രകാരം ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു കടകളും രണ്ട് ബസുകളും കാറുമാണ് തകർത്തത്. അക്രമം അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. കാസ്ഗഞ്ച് സംഘർഷമുണ്ടായശേഷം ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.