കരൂർ ദുരന്തം: തമിഴ്നാട് നിയമസഭയിൽ വാഗ്വാദം; ഇറങ്ങിപ്പോക്ക്
text_fieldsകരൂരിൽ ടി.വി.കെ റാലിക്കിടെ ദുരന്തമുണ്ടായിടത്ത് ചെരുപ്പുകൾ കൂടിക്കിടക്കുന്നു
ചെന്നൈ: ടി.വി.കെ നേതാവ് വിജയ് കരൂരിൽ ഏഴ് മണിക്കൂർ വൈകിയെത്തിയത് തിക്കിനും തിരക്കിനും കാരണമായെന്നും ഇതാണ് ദുരന്തത്തിൽ കലാശിച്ചതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പ്രസ്താവിച്ചു. അണ്ണാ ഡി.എം.കെ ജന.സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വാഹന ഗതാഗതവും സുരക്ഷയും കണക്കിലെടുത്താണ് ടി.വി.കെ ആവശ്യപ്പെട്ട സ്ഥലങ്ങൾക്ക് അനുമതി നൽകാതിരുന്നത്.
പരിപാടിക്ക് എത്തിയവർക്ക് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങളേർപ്പെടുത്തുന്നതിൽ സംഘാടകർ പരാജയപ്പെട്ടു.
പൊലീസ് നിർദേശം ലംഘിച്ച് 35 മീറ്റർ ദൂരം വാഹനം ജനത്തിരക്കിനിടയിലേക്ക് കയറ്റിയതാണ് തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിക്കാൻ കാരണം. രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് ആംബുലൻസുകളിലെ ഡ്രൈവർമാരെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്റ്റാലിന്റെ 16 മിനിറ്റ് നീണ്ട പ്രസംഗത്തിൽ വിജയ് യുടെ പേര് പറഞ്ഞിരുന്നില്ല.
ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ നടന്ന വാഗ്വാദത്തിനുശേഷം മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ അതൃപ്തിയറിയിച്ച് അണ്ണാ ഡി.എം.കെ, ബി.ജെ.പി അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
പൊലീസിന്റെ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി മാധ്യമങ്ങളോട് പറഞ്ഞു. അണ്ണാ ഡി.എം.കെ അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

