കരൂർ ദുരന്തം: മുൻകൂർ ജാമ്യം തേടി ടി.വി.കെ ഭാരവാഹികൾ; രണ്ടു നേതാക്കൾ റിമാൻഡിൽ
text_fieldsചെന്നൈ: കരൂരിൽ 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ടി.വി.കെ ജനറൽ സെക്രട്ടറി പുസി എൻ. ആനന്ദും ജോ. സെക്രട്ടറി സി.ടി.ആർ നിർമൽ കുമാറും മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു. വേണ്ടത്ര പൊലീസ് ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഹരജിയിൽ പറയുന്നു.
വിജയിക്ക് നേരെ ചെരിപ്പുകളെറിഞ്ഞതും രോഗിയെ കയറ്റാത്ത ആംബുലൻസ് ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചതുമാണ് ദുരന്തത്തിന് ഇടയാക്കിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചതായും ഇവർ ബോധിപ്പിച്ചു. കേസിലെ മറ്റു രണ്ട് പ്രതികളായ കരൂർ ജില്ല വെസ്റ്റ് സെക്രട്ടറി വി.പി. മതിയഴകൻ, കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൻ രാജ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കരൂർ ജില്ല സെഷൻസ് കോടതി റിമാൻഡ് ചെയ്തു.
വിവാദങ്ങൾക്കില്ലെന്ന് കോൺഗ്രസ്
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോണ്‍ഗ്രസ് കക്ഷി ചേരാനില്ലെന്നും അതിനുള്ള സമയമല്ലെന്നും പാർട്ടി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കരൂർ ദുരന്തബാധിതരെ സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതർക്ക് ധനസഹായം നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
വ്യാജ വാർത്ത; യൂട്യൂബ് ചാനൽ ഉടമ അറസ്റ്റിൽ
ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ‘റെഡ് പിക്സ്’ യൂട്യൂബ് ചാനൽ ഉടമ ഫെലിക്സ് ജെറാൾഡിനെ ചെന്നൈ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ചെന്നൈ നുങ്കംപാക്കത്തെ വസതിയിൽവെച്ചാണ് ഫെലിക്സ് ജെറാൾഡിനെ കസ്റ്റഡിയിലെടുത്തത്. സാമൂഹിക സ്പർധ സൃഷ്ടിക്കുന്ന വിധത്തിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഫെലിക്സ് ജെറാൾഡ് ഉൾപ്പെടെ 25ഓളം പേർക്കെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്.
ടി.വി.കെ പ്രവർത്തകൻ ജീവനൊടുക്കി
ദുരന്തത്തിൽ മനംനൊന്ത് ടി.വി.കെ പ്രവർത്തകൻ വിഴുപ്പുറം സ്വദേശി അയ്യപ്പൻ (51) തൂങ്ങിമരിച്ചു. ദുരന്തത്തിന് ഡി.എം.കെ മുൻ മന്ത്രി സെന്തിൽ ബാലാജിയും പൊലീസും ഉത്തരവാദികളാണെന്ന് ആരോപിക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു.
എൻ.ഡി.എ സംഘം സന്ദർശിച്ചു
ചെന്നൈ: ഹേമമാലിനി എം.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സംഘം കരൂരിലെ ആൾക്കൂട്ട ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് എട്ടംഗ എൻ.ഡി.എ സംഘത്തെ അയച്ചത്. ഇത് കേവലം അപകടം മാത്രമല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നതായി ഹേമമാലിനി എം.പി മാധ്യമങ്ങളോട് പറഞ്ഞു. വിജയിയെ പോലുള്ള നടന്റെ പ്രചാരണ പരിപാടിക്ക് ഇടുങ്ങിയ സ്ഥലം അനുവദിച്ചതും ചെരിപ്പേറ് നടന്നതും ദുരൂഹമാണ്.
സംഭവത്തിൽ ഭരണകൂടത്തിനും സംഘാടകർക്കും ഉത്തരവാദിത്തമുണ്ടെന്നും ഇതേക്കുറിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും സംഘാംഗമായ അനുരാഗ് ഠാകൂർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കരൂരിലെ വേലുച്ചാമിപുരവും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ഗവ. മെഡിക്കൽ കോളജ് ആശുപത്രിയും മരിച്ചവരുടെ വീടുകളും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

