അമ്മക്കൊപ്പമെത്തി ഭക്ഷണംപോലും കഴിക്കാതെ രാവിലെ മുതൽ കാത്തിരിപ്പ്; ഒടുവിൽ അമ്മ നഷ്ടപ്പെട്ടതറിയാതെ ആശുപത്രികിടക്കയിൽ; കരൂർ ദുരന്തത്തിന്‍റെ നടുക്കുന്ന അവശേഷിപ്പുകൾ
text_fieldsകരൂർ: ഭീതിദമായ അന്തരീക്ഷമായിരുന്നു ശനിയാഴ്ച രാത്രി കരൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ. ആശുപത്രിക്കുള്ളിലേക്കും പുറത്തേക്കും സ്ട്രെച്ചറുകളും ഐ വി ട്രിപ്പുകളുമായി ജീവനക്കാർ അതിവേഗം ഓടി. ആശുപത്രി പരിസരം മുഴുവൻ ഉത്ഖണ്ഠയും ദയനീയതയും നിറഞ്ഞ മുഖങ്ങൾ. ഇതായിരുന്നു ഇന്നലത്തെ കരൂർ ദുരന്തത്തിന്‍റെ ബാക്കി പത്രങ്ങൾ.
നടൻ വിജയിയുടെ വേലുച്ചാമിപുരത്ത് നടന്ന റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ് രാത്രിയോടെ കരൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച 50 പേരിൽ 27 പുരുഷൻമാരും 23 സ്ത്രീകളുമായിരുന്നു. 39 പേരുടെ മരണത്തിന് സാക്ഷ്യം വഹിച്ച ദുരന്തം വെങ്കമേട്ടിൽ നിന്നുള്ള പാൽ വിൽപ്പനക്കാരൻ മുരുകന് സമ്മാനിച്ചത് ആജീവനാന്തം മറക്കാൻ കഴിയാത്ത വേദനയാണ്. വാരിയെല്ലുപൊട്ടി അബോധാവസ്ഥയിലാണ് മുരുകനെ ആശുപത്രിയിലെത്തിച്ചത്. ഒപ്പമെത്തിച്ച സുഹൃത്താണ് സംഭവിച്ചതെന്തെന്ന് വിശദമാക്കിയത്.
അമ്മക്കൊപ്പമാണ് മുരുകൻ റാലിയിൽ പങ്കെടുക്കാനെത്തിയത്. തിക്കിലും തിരക്കിലും പെട്ട് ബോധം നഷ്ടപ്പെട്ട മുരുകൻ തന്‍റെ അമ്മ ദുരന്തത്തിൽ നഷ്ടപ്പെട്ടത് അറിഞ്ഞില്ല. പകരം അവരുടെ മഞ്ഞ നിറത്തിലുള്ള ബാഗ് നിലത്ത് കിടക്കുന്നത് മാത്രമാണ് കണ്ടത്. നിലവിൽ ചികിത്സയിലുള്ള മുരുകനെ തന്‍റെ നഷ്ടത്തെക്കുറിച്ച് ഇതുവരെ അറിയിച്ചിട്ടില്ല. രാവിലെ മുതൽ ഭക്ഷണം കഴിക്കാതെ വിജയി എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു അമ്മയും മകനുമെന്ന് സുഹൃത്ത് പറയുന്നു.
വൈകിട്ട് 6.30 ന് ആരംഭിച്ച വിജയിയുടെ പ്രസംഗത്തിന് താൻ 3 മണിമുതൽ കാത്തിരിക്കുകയായിരുന്നുവെന്ന് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട എൻ ഗിരിരാജ് ഓർക്കുന്നു. പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ആളുകൾ ഐസ് ക്രീം വണ്ടിയിലേക്ക് ചാടിക്കയറുകയും അത് തകർന്ന് ആളുകൾ ഒന്നിന് മുകളിൽ ഒന്നായി മറിഞ്ഞ് വീഴുകയുമായിരുന്നു. മുരുകൻ വിറയാർന്ന ശബ്ദത്തോടെ ഓർത്തെടുത്തു.
വിജയിയുടെ കാമ്പയിൻ വാഹനം എത്തുന്നതിനു മുമ്പ് തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നത്. കാമ്പയിൻ കാരവൻകൂടി എത്തിയതോടെ തിക്കും തിരക്കും കൂടുകയായിരുന്നു. പരിക്കേറ്റവരിൽ 17കാരൻ മദിഷ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ ആശ്വാസം പ്രകടിപ്പിച്ചു. ഇയാൾക്ക് കൈകളിൽ പൊട്ടലും മുഖത്ത് പരിക്കേറ്റ് വീക്കവും ഉണ്ട്. വിജയിയുടെ വാഹനം മുന്നോട്ടു നീങ്ങാൻ തുടങ്ങിയപ്പോൾ താൻ താഴേക്ക് വീഴുകയായിരുന്നുവെന്ന് മദിഷ് പറയുന്നു.
വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ജോലി ചെയ്യുന്ന തന്‍റെ മകളുമായി റാലിയിൽ പങ്കെടുക്കുന്നതിനു വേണ്ടി പോയ ജയന്തിക്കും പറയാനുള്ളത് ഒരു നടുക്കുന്ന അനുഭവമാണ്. വാഹനത്തിന്‍റ വലത് വശത്ത് നിൽക്കുകയായിരുന്ന തങ്ങളുടെ മുകളിലേക്ക് 5 പേർ മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ജയന്തി പറയുന്നത്.
കാരവാൻ ആൾക്കൂട്ടത്തിനിടയിൽ മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെല്ലാം പറയുന്നത്. പരിക്കേറ്റവരെയെല്ലാം ഒരു സമയത്തല്ല ആശുപത്രിയിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ആദ്യ ഘട്ടത്തിൽ 7 മണിക്കും പിന്നീടും 8മണിക്കുമാണ് പരിക്കേറ്റവരെ എത്തിച്ചത്. നിലവിൽ സ്വകാര്യ ആശുപത്രികളിൽ 60ഓളെം പേർ ചികിത്സയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

