റാലിക്ക് വിജയ് എത്താൻ വൈകിയത് മനഃപൂർവമെന്ന് എഫ്.ഐ.ആർ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തിക്കുംതിരക്കുമുണ്ടായി വൻദുരന്തമായി മാറിയ ടി.വി.കെയുടെ റാലിക്ക് നടനും പാർട്ടി നേതാവുമായ വിജയ് വൈകിയെത്തിയത് മനഃപൂർവമെന്ന് എഫ്.ഐ.ആർ. പതിനായിരങ്ങൾ എത്തിയ റാലിക്ക് നിബന്ധനകള്‍ പാലിച്ച് സൗകര്യമൊരുക്കിയില്ലെന്നും ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഏറെ നേരം പ്രചാരണ വാഹനത്തിനുള്ളിൽ ഇരുന്ന ശേഷമാണ് വിജയ് റാലിക്കെത്തിയവരെ അഭിവാദ്യം ചെയ്യാനെത്തിയത്. ഇതോടെ അടുത്തു കാണാൻ വേണ്ടി ജനക്കൂട്ടം മുന്നോട്ട് കുതിച്ചു. ആളുകൾ മുന്നോട്ട് തള്ളിക്കയറുന്നതിനിടയിൽ പലരും താഴെവീണ് ചവിട്ടിമെതിക്കപ്പെട്ടു. സമീപത്തെ ഷെഡുകൾക്ക് മുകളിൽ പലരും വലിഞ്ഞുകയറി. ഇത് തകർന്നുവീണപ്പോൾ ഏറെപ്പേർ ഇതിനടിയിൽപെട്ടുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
രക്തം പുരണ്ട കൈയുമായി വിജയ്.... പോസ്റ്ററുകൾ വ്യാപകം
കരൂർ ദുരന്തത്തിന് ഉത്തരവാദിയായ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ചോര പുരണ്ട കൈയുമായി വിജയ് നിൽക്കുന്ന ചിത്രത്തോടുകൂടിയ പോസ്റ്ററിൽ 39 നിരപരാധികളെ ബലികൊടുത്ത് ഓടിരക്ഷപ്പെട്ട കൊലക്കുറ്റവാളി വിജയ്‌യെഅറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ‘തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ’യുടെ പേരിൽ കരൂരിലും ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
‘തമിഴക അരസേ, 39 അപ്പാവി ഉയിരുകളെ ബലി വാങ്കി തപ്പി ഓടിയ വിജയ് എങ്കിറ അരസിയൽ തർകുറി കൊലക്കുറ്റവാളിയെ കൈത് സെയ്യ്- തമിഴ്നാട് മാനവർ സംഘം’ എന്നീങ്ങനെ തമിഴിൽ പ്രിന്റ് ചെയ്ത് വിജയ്‌യുടെ ചിത്രത്തോടുകൂടിയ കറുത്തനിറത്തിലുള്ള പോസ്റ്ററുകളാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വസതിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തിയതും ‘തമിഴ്നാട് മാനവർ സംഘം’ പ്രവർത്തകരാണ്. ഇവർക്ക് പിന്നിൽ സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെയാണെന്നാണ് ടി.വി.കെ ആരോപിക്കുന്നത്.
25 പേർ മരിച്ചത് ശ്വാസംമുട്ടി, 10ലേർ പേർ വാരിയെല്ലുകൾ ഒടിഞ്ഞ്
ചെന്നൈ: 41പേരുടെ ജീവനെടുത്ത തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മരിച്ചവരിൽ 25 പേർ ശ്വാസം മുട്ടി മരിച്ചപ്പോൾ 10ലധികം പേർ വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരികാവയവങ്ങൾ തകർന്നുമാണ് മരിച്ചത്. തിക്കിലും തിരക്കിലും കുടുങ്ങിയവരിൽ ഭൂരിഭാഗംപേരും രണ്ടും മൂന്നും മിനിറ്റ് വരെ സമയം ശ്വസിക്കാൻ കഴിയാതെയാണ് മരിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താഴെ വീണവരുടെ മേൽ പലരും ചവിട്ടി കയറി വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരിക പരിക്കുകൾ സംഭവിച്ചും ജീവൻ നഷ്ടപ്പെട്ടു. 25 ഓളം പേർ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

