Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മൂന്നാമത്തെ...

'മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി നൽകുന്ന നയം തെറ്റ്; തമിഴ്നാട് സർക്കാർ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരം

text_fields
bookmark_border
മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി നൽകുന്ന നയം തെറ്റ്; തമിഴ്നാട് സർക്കാർ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരം
cancel
camera_alt

കാർത്തി ചിദംബരം, ജോസഫ് വിജയ് 

ചെന്നൈ: സർക്കാർ ജീവനക്കാരായ വനിതകൾക്ക് മൂന്നാമത്തെ പ്രസവത്തിനും 365 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി പ്രഖ്യാപിച്ച തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം. കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസവാവധി നൽകുന്നതിനൊപ്പം തന്നെ പിതൃത്വ അവധിയും തുല്യപ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിൽ മൂന്നാമത്തെ കുഞ്ഞിന് നിലവിൽ നൽകിയിരുന്ന 12 ആഴ്ചത്തെ പ്രസവാവധി കാലാവധിയാണ് പൂർണ വേതനത്തോടെ 365 ദിവസമാക്കി ഉയർത്തിയത്. ആദ്യ രണ്ട് കുട്ടികൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യം മൂന്നാമത്തെ കുട്ടിക്കും ലഭ്യമാക്കുന്നതാണ് നിയമസഭയിൽ പ്രഖ്യാപിച്ച ഈ പുതിയ ഉത്തരവ്.

എന്നാൽ, സർക്കാരിന്റെ ഈ നയത്തെ ചോദ്യം ചെയ്തുകൊണ്ട് എക്‌സിൽ കുറിച്ച പോസ്റ്റിലാണ് കാർത്തി ചിദംബരം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. "പ്രസവാവധി സ്വാഗതാർഹമാണെങ്കിലും പിതൃത്വ അവധിയും പരിഗണിക്കേണ്ടതുണ്ട്. എന്നാൽ കുടുംബങ്ങളിൽ മൂന്നാമതൊരു കുട്ടിയെ വളർത്താൻ സർക്കാർ പ്രോത്സാഹനം നൽകരുത്. ഇന്നത്തെ സാഹചര്യത്തിൽ മൂന്നാമതൊരു കുട്ടിയെ കൂടി പോറ്റിവളർത്താനുള്ള സാമ്പത്തിക ശേഷി സാധാരണ കുടുംബങ്ങൾക്കുണ്ടോ?" എന്ന് അദ്ദേഹം ചോദിച്ചു.

വിദ്യാഭ്യാസച്ചെലവുകൾ, ഭവനവാടക, ആരോഗ്യപരിപാലനം എന്നിവ കുതിച്ചുയരുന്ന ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ, പുതിയ തലമുറ കൂടുതൽ കുട്ടികളുള്ള വലിയ കുടുംബങ്ങളിലേക്ക് കടക്കാൻ മടിക്കുകയാണെന്ന് കാർത്തി ചിദംബരം ഓർമിപ്പിച്ചു. അതിനാൽ ഇത്തരം ആനുകൂല്യങ്ങൾ നൽകുമ്പോൾ തന്നെ മാതാപിതാക്കൾക്ക് തുല്യ ഉത്തരവാദിത്തം നൽകുന്ന തരത്തിലുള്ള നയപരമായ മാറ്റങ്ങളാണ് ഉണ്ടാകേണ്ടതെന്നും, പിതൃത്വ അവധി വ്യാപകമാക്കാതെ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടുള്ള ദീർഘകാല അവധികൾ അവരുടെ തൊഴിൽ മേഖലയിലെ അവസരങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനനനിരക്കിൽ വലിയ കുറവുണ്ടാകുന്നതും ഭാവിയിലെ പാർലമെന്റ് മണ്ഡല പുനർനിർണയത്തിൽ ഇത് തിരിച്ചടിയായേക്കാമെന്നുമുള്ള ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നീക്കം ശ്രദ്ധേയമാകുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നേരത്തെ ഉയർന്നിരുന്നുവെങ്കിലും, കാർത്തി ചിദംബരത്തിന്റെ പരസ്യമായ വിയോജിപ്പ് ഭരണകക്ഷിയായ ടി.വി.കെയും സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള നയപരമായ തർക്കങ്ങളിലേക്കും വിരൽചൂണ്ടുന്നു.

ജനസംഖ്യാ നിയന്ത്രണത്തിലും കുടുംബാസൂത്രണത്തിലും രാജ്യം മാതൃകയാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാടെന്നും, രണ്ട് കുട്ടികൾ എന്ന മാനദണ്ഡത്തിൽ നിന്നുള്ള മാറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, സ്ത്രീ ശാക്തീകരണവും സാമൂഹിക ക്ഷേമവും മുൻനിർത്തിയാണ് മൂന്നാമത്തെ കുഞ്ഞിനും പൂർണ പ്രസവാവധി അനുവദിച്ചതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Don't Think We Should Encourage Large Families': Congress MP Karti Chidambaram on Tamil Nadu Move
Next Story