ചെന്നൈ: അർധരാത്രി നടന്ന പ്രത്യേക സിറ്റിങ്ങിൽ മുൻകൂർ ജാമ്യം നേടിയ കാർത്തി ചിദംബരം അടുത്ത മണിക്കൂറിൽ കുടുംബസമേതം ലണ്ടനിലേക്ക് പറന്നു. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നിർദേശപ്രകാരം ശനിയാഴ്ച രാത്രി 12 മണിയോടെ ജസ്റ്റിസ് എ.ഡി.ഡി ജഗദീഷ് ചന്ദ്രയുടെ വസതിയിലാണ് മുൻകൂർ ജാമ്യഹരജിയിൽ വാദംകേട്ടത്.
വിദേശയാത്ര കഴിഞ്ഞ് ജൂൺ 28ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാവണമെന്ന നിബന്ധനയോടെ വാറണ്ട് നടപ്പാക്കില്ലെന്ന് ആദായനികുതി വകുപ്പ് സീനിയർ സ്റ്റാൻഡിങ് കൗൺസൽ എ.പി ശ്രീനിവാസ് ഉറപ്പു നൽകി. വിദേശത്തേക്ക് പോകാൻ സുപ്രീംകോടതി മേയ് 18ന് അനുമതി നൽകിയിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ മൂന്നു തവണ ആദായനികുതി വകുപ്പ് കാർത്തിക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും ഹാജരായില്ല. ഇൗ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കുന്നതിെൻറ ഭാഗമായി കാർത്തി മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. കള്ളപ്പണമുപയോഗിച്ച് കേംബ്രിജിൽ കോടികളുടെ സ്വത്ത് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് നളിനി ചിദംബരം, കാർത്തി, കാർത്തിയുടെ ഭാര്യ ശ്രീനിധി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച കാർത്തിയും കുടുംബവും വിദേശത്തേക്ക് പോയി.