ആനകളെ കാട്ടിലേക്ക് തുരത്തുന്നത് വെറുതെയോ? കർണാടകയിൽ എംഎൽഎയുടെ രാജിക്ക് പിന്നാലെ വിദഗ്ധരുടെ മുന്നറിയിപ്പ്
text_fieldsനയന മോട്ടമ്മ
ബംഗളൂരു: കർണാടകയിൽ വനമേഖലയിലേക്ക് ആനകളെ തുരത്താനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരെ ഭരണകക്ഷി എം.എൽ.എ നയന മോട്ടമ്മ രാജിക്കത്ത് നൽകിയതിനു പിന്നാലെ വിഷയം വീണ്ടും ചർച്ചയാകുന്നു.
ചിക്കമംഗളൂരു, ഹാസൻ, കുടക് ജില്ലകളിലെ ജനവാസ മേഖലകളിൽ തമ്പടിക്കുന്ന ആനകളെ ഭദ്ര കടുവ സങ്കേതം ഉൾപ്പെടെയുള്ള വനമേഖലകളിലേക്ക് തുരത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പരിഹാരമല്ലെന്നാണ് ഇതുസംബന്ധിച്ച വിദഗ്ധരുടെ മുന്നറിയിപ്പ്.
ഹാസൻ ജില്ലയിലെ ബെലൂർ, സകലേശ്പുര മേഖലകളിൽ ഇറങ്ങിയ കാട്ടാനകളെ ചിക്കമംഗളൂരു ജില്ലയിലെ ഭദ്ര കടുവ സങ്കേതത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നടപടിയാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.
മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചതിനു പിന്നാലെയായിരുന്നു നടപടി. എന്നാൽ, ആനകളെ ചിക്കമംഗളൂരു മേഖലയിലേക്ക് എത്തിക്കുന്നത് അവിടത്തെ മനുഷ്യ-വന്യജീവി സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നാണ് പ്രദേശത്തെ ജനപ്രതിനിധികളുടെ ആശങ്ക.
വനംവകുപ്പിന്റെ നീക്കത്തിനെതിരെ മുദിഗെരെ എം.എൽ.എ നയന മോട്ടമ്മയും ശ്രീംഗേരി എം.എൽ.എ ടി.ഡി. രാജഗൗഡയും ചിക്കമംഗളൂരു എം.എൽ.എ എച്ച്.ഡി. തമ്മയ്യയും രംഗത്തെത്തിയിരുന്നു.
ജനപ്രതിനിധികളെയും കർഷക സംഘടനകളെയും തോട്ടമുടമകളെയും വിശ്വാസത്തിലെടുക്കാതെ ആനകളെ മാറ്റാനുള്ള നടപടി തുടങ്ങിയെന്നാണ് ഇവരുടെ ആരോപണം.
നടപടി നിർത്തിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ നയന മോട്ടമ്മ നിയമസഭാ സ്പീക്കറുടെ ഓഫിസിൽ രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, രാജി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. ആനകളെ തിരിച്ചയക്കുകയും നടപടി നിർത്തിവെക്കുകയും ചെയ്താൽ തീരുമാനം പുനഃപരിശോധിക്കാമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ ആനകളെ ഉൾക്കൊള്ളാനുള്ള ശേഷി ഭദ്ര കടുവ സങ്കേതത്തിനുണ്ടെങ്കിലും ജനവാസ-കാർഷിക മേഖലകളുമായി പൊരുത്തപ്പെട്ട ആനകൾ സംരക്ഷിത വനമേഖലകളിൽ സ്ഥിരമായി കഴിയണമെന്നില്ല.
വനമേഖലയിൽനിന്ന് വീണ്ടും പുറത്തേക്ക് കടന്ന് പഴയ സഞ്ചാരപാതകളിലേക്ക് മടങ്ങാനുള്ള സാധ്യതയുമുണ്ട്. കടുവ സങ്കേതത്തിന് പൂർണമായ അതിർത്തിത്തടസ്സങ്ങളോ വേലികളോ ഇല്ലാത്തതും വെല്ലുവിളിയാണ്.
ആനകളുടെ ദേശാടന സ്വഭാവവും ഇതിൽ പ്രധാനമാണ്. ഒരു പ്രദേശത്തുനിന്ന് ആനകളെ മാറ്റുമ്പോൾ അവിടെ രൂപപ്പെടുന്ന ഒഴിഞ്ഞ ഇടങ്ങളിലേക്ക് മറ്റൊരു കൂട്ടം ആനകൾ എത്താൻ സാധ്യതയുണ്ട്. അതിനാൽ, നിലവിലുള്ള ആനക്കൂട്ടങ്ങളെ തുരത്തുന്നതുകൊണ്ട് മാത്രം മനുഷ്യ-ആന സംഘർഷം അവസാനിക്കില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

