കുടിവെള്ള വിതരണത്തിൽ തർക്കം; കർണാടകയിൽ വിവാഹത്തിൽ നിന്ന് പിന്മാറി വധു
text_fieldsചിത്രദുർഗ: കർണാടകയിൽ കുടിവെള്ളത്തെ തുടർന്നുണ്ടായ തർക്കത്തിൽ വിവാഹം മുടങ്ങി. വിവാഹത്തിന് മുമ്പുള്ള അത്താഴ വിരുന്നിനിടെ കുടിവെള്ളം ശരിയായി വിതരണം ചെയ്തില്ല എന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഹിരിയൂർ നഗരത്തിൽ ഞായറാഴ്ച നടക്കാനിരുന്ന വിവാഹം റദ്ദാക്കിയത്.
ദാവണഗെരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള യുവാവിന്‍റെയും തുംകൂർ ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽ നിന്നുള്ള യുവതിയുടെയും വിവാഹത്തിന് മുമ്പുള്ള വിവാഹ സൽക്കാരം ശനിയാഴ്ച രാത്രിയാണ് നടന്നത്. കാറ്ററിങ് ജീവനക്കാർ കുടിവെള്ളം ശരിയായി വിതരണം ചെയ്യാത്തതിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾക്കിടയിൽ തർക്കം ഉണ്ടാകുകയായിരുന്നു.
ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഞായറാഴ്ച രാവിലെ 10.30 നായിരുന്നു വിവാഹത്തിനുള്ള മുഹൂർത്തം. നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, വധൂവരന്മാർ തമ്മിലും വഴക്കുണ്ടായതിനെ തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു.
വധുവാണ് വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് വിവരം. വരന്റെ കുടുംബം ആവർത്തിച്ച് അഭ്യർഥിച്ചിട്ടും വധു തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിൽ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നവരാണ് വധുവും വരനും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.