കർണാടക വോട്ടുവെട്ടൽ: ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsബെളഗാവി (കർണാടക): പ്രത്യേക തീവ്രപരിശോധന നടപടിക്കിടെ വോട്ടർപട്ടികയിൽനിന്ന് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 198 പേരെ നീക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കർണാടക ബി.ജെ.പി നേതാവ് രവി പാട്ടീൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. ബെളഗാവി മാർക്കറ്റ് പൊലീസാണ് കേസെടുത്തത്.
ബൂത്ത് ലെവൽ ഏജന്റിന്റെ പരാതിയിലാണ് നടപടി. എസ്.ഐ.ആർ നടപടികളിൽ ബൂത്ത് ലെവൽ ഓഫിസറെ സഹായിക്കുന്നതിനിടെ സെപ്റ്റംബർ 22ന് രവി പാട്ടീൽ, ശങ്കർ ബീരപ്പ നായിക്, പ്രശാന്ത് ദീപക് ഉൾപ്പെടെയുള്ള സംഘം മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയെന്നാണ് പരാതി. 198 വോട്ടർമാരെ നീക്കാനായി വ്യാജ രേഖകൾ തയാറാക്കി ബി.എൽ.ഒക്ക് നൽകി.
രേഖകൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ നൽകിയതാണെന്ന് ധരിപ്പിച്ചു. വ്യാജ രേഖകളോടൊപ്പം നൽകിയ ഫോം ഏഴ് അപേക്ഷകളിൽ പരാതിക്കാരന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
ബൂത്ത് ലെവൽ ഓഫിസർക്കുമേൽ സമ്മർദം ചെലുത്തി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ആണെന്ന് പരിചയപ്പെടുത്തി മറ്റൊരാളെ ഫോണിലൂടെ സംസാരിപ്പിച്ച് ഒപ്പ് വാങ്ങി. 198 മുസ്ലിം വോട്ടർമാരുടെ പേരുകൾ നീക്കി പ്രതിഷേധവും സംഘർഷവും ഉണ്ടാക്കി ക്രമസമാധാനം തകർക്കലാണ് ലക്ഷ്യമെന്ന് പരാതിയിൽ ആരോപിച്ചു.
വഞ്ചന, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന, കലാപത്തിന് പ്രേരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസ്. അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് തട്ടിപ്പിൽ’ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരും എം.എൽ.എമാരും വ്യാഴാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിന് മുന്നിൽ ധർണ നടത്തിയിരുന്നു.
ബീദറിൽ ലക്ഷ്യം 3,244 പേർ
ബീദറിലും സമാനരീതിയിലുള്ള പരാതി ഉയർന്നു. 3,244 വോട്ടർമാരെ ഫോം ഏഴ് അപേക്ഷകളിലൂടെ തെറ്റായി ‘സ്ഥലം മാറി/ഹാജരില്ല’ എന്ന് രേഖപ്പെടുത്തി പട്ടികയിൽനിന്ന് നീക്കിയതായി ഭാൽകി സ്വദേശിയായ 40കാരൻ മുഹമ്മദ് അതീഖ് അഹമ്മദ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്നിന് 32 പേരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
മൈസൂരുവിലും പരാതി
മൈസൂരുവിൽ സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹസറത്ത് ഉല്ലയും പരാതി നൽകി. താനും കുടുംബാംഗങ്ങളും വർഷങ്ങളായി താമസിക്കുന്ന രജിസ്റ്റർ ചെയ്ത വിലാസത്തിൽ താമസിക്കുന്നില്ലെന്നുകാണിച്ച് ഫോം ഏഴ് അപേക്ഷകൾ സമർപ്പിച്ചെന്നാണ് പരാതി. തന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കാനായി തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷന് നൽകി. സമാനമായ അപേക്ഷകൾ മറ്റ് 28 വോട്ടർമാർക്കെതിരെയും നൽകി.
തുടർന്ന് നരസിംഹരാജ പൊലീസ് സി. ഹരീഷ് കുമാർ, എം. രാഘവേന്ദ്ര, ബി.ജെ.പി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് അനിൽ തോമസ് എന്നിവർക്കെതിരെ കേസെടുത്തു. മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ വോട്ടുകൾ നീക്കാൻ ഗൂഢാലോചന നടത്തിയെന്നും സാമൂഹിക സംഘർഷത്തിന് ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

