ആർ.എസ്.എസ് രാഷ്ട്രീയ പാർട്ടിയല്ല: പരിപാടിയിൽ പങ്കെടുത്ത അധ്യാപകരെ സസ്‌പെൻഡ് ചെയ്ത നടപടി കർണാടക ട്രൈബ്യൂണൽ സ്റ്റേ ചെയ്തു
text_fieldsബെംഗളൂരു: ആർ.എസ്.എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ കർണാടകയിലെ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി കർണാടക സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എസ്.എ.ടി) സ്റ്റേ ചെയ്തു. ഹുനസഗി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അസിസ്റ്റന്റ് അധ്യാപകൻ ഗുരുരാജ് ജോഷി, സുർപൂർ താലൂക്കിലെ കുപ്പി വില്ലേജ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ അണ്ണാസാഹെബ് ദേശ്മുഖ് എന്നിവർക്കെതിരായ അച്ചടക്ക നടപടികൾക്കാണ് ട്രൈബ്യൂണലിന്റെ കലബുർഗി ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഇതോടെ കേസിൽ ഇരുവർക്കും വലിയ നിയമപരമായ ആശ്വാസം ലഭിച്ചു.
2025 ഒക്ടോബറിൽ നടന്ന ആർ.എസ്.എസ് പഥസഞ്ചലനത്തിലും വാർഷിക പരിപാടികളിലും പങ്കെടുത്തത് കർണാടക സിവിൽ സർവീസസ് (പെരുമാറ്റച്ചട്ടം) റൂൾസ് ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യാദ്ഗിർ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതരാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. ഒരു പ്രാദേശിക ദിനപത്രത്തിൽ പഥസഞ്ചലനത്തിന്റെ ചിത്രം വന്നതിന് പിന്നാലെ അംബേദ്കർ സ്വാഭിമാനി സേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി. പ്രവൃത്തിദിനങ്ങളിലല്ലാതെ ഞായറാഴ്ചയാണ് പരിപാടി നടന്നതെന്നും ഇത് രാഷ്ട്രീയ പ്രവർത്തനമല്ലെന്നും സാംസ്കാരിക കൂട്ടായ്മ മാത്രമാണെന്നും അധ്യാപകർ വിശദീകരിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് തള്ളുകയായിരുന്നു.
എന്നാൽ, ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും രാഷ്ട്രീയേതര സംഘടനയുടെ പരിപാടിയിൽ സ്വകാര്യ സമയത്ത് പങ്കെടുത്തതിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നും ട്രൈബ്യൂണൽ വിലയിരുത്തി. സർക്കാർ ജീവനക്കാർ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് പൂർണമായി തടഞ്ഞുകൊണ്ട് വ്യക്തമായ ഉത്തരവുകളോ വിജ്ഞാപനങ്ങളോ നിലവിലില്ലെന്ന വാദവും ട്രൈബ്യൂണൽ പരിഗണിച്ചു. സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയ റൂൾ 7 നേരത്തെ തന്നെ സർക്കാർ ഒഴിവാക്കിയതാണെന്നും വ്യക്തമാക്കിയ ബെഞ്ച്, അധ്യാപകരുടെ ഹരജിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ട് സസ്‌പെൻഷൻ നടപടികൾ മരവിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

