ട്രാന്‍സ്പോര്‍ട്ട് പണിമുടക്ക് പിന്‍വലിച്ചു
text_fieldsബംഗളൂരു: ആറാം ശമ്പളകമീഷൻ ശിപാർശ പ്രകാരമുള്ള ശമ്പള വർധന ആവശ്യപ്പെട്ട് രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ ട്രാൻസ്പോർട്ട് ജീവനക്കാർ നടത്തിവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.
കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ജോലിക്ക് ഹാജരാകണമെന്ന് ഹൈകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് 15 ദിവസം നീണ്ട ബസ് പണിമുടക്ക് ബുധനാഴ്ച വൈകീട്ടോടെ പിൻവലിച്ചത്.
കോടതിയില്‍ വിശ്വാസവും ബഹുമാനവുമുണ്ടെന്നും സമരം താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്നും കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ലീഗ് പ്രസിഡൻറ് കൊടിഹള്ളി ചന്ദ്രശേഖര്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ നാല് ട്രാന്‍പോര്‍ട്ട് കോര്‍പറേഷനിലെയും മുഴുവന്‍ ജീവനക്കാരും ജോലിക്ക് എത്തിത്തുടങ്ങും.
അതേസമയം, പണിമുടക്ക് താല്‍ക്കാലികമായി പിന്‍വലിച്ചെങ്കിലും ശമ്പള വര്‍ധനയെന്ന ആവശ്യത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്നും കൊടിഹള്ളി ചന്ദ്രശേഖര്‍ പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച് ഹൈകോടതിയില്‍ ഹരജി നല്‍കാനാണ് സംഘടനയുടെ തീരുമാനം.
ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സിറ്റിങ് നടത്താമെന്ന് ഹൈകോടതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഏപ്രിൽ ഏഴിനാണ് ആറാം ശമ്പളകമീഷന് നിര്‍ദേശമനുസരിച്ചുള്ള ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
പണിമുടക്ക് പിൻവലിക്കുന്നതിനു മുമ്പുതന്നെ ഒരു വിഭാഗം ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്ക് ഹാജരായിരുന്നു. ബുധനാഴ്ചയും കൂടുതൽ ജീവനക്കാർ ജോലിക്ക് എത്തി. ബി.എം.ടി.സി ഉൾപ്പെെട ട്രാൻസ്പോർട്ട് കോർപറേഷനുകൾ കൂടുതൽ ബസ് സർവിസും ബുധനാഴ്ച നടത്തി.
60 ശതമാനത്തിലധികം ബസുകള്‍ ബുധനാഴ്ച സംസ്ഥാനത്തൊട്ടാകെ സര്‍വിസുകള്‍ നടത്തി. ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സമരം പിൻവലിച്ചുകൊണ്ട് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ലീഗ് ആവശ്യപ്പെട്ടു.
ഇതുവരെ 20,000ത്തോളം ജീവനക്കാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. 2169 ജീവനക്കാരെ പിരിച്ചുവിട്ടു. 2941 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. 7666 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 8000 പേരെ സ്ഥലംമാറ്റുകയും ചെയ്തു.
ജീവനക്കാരുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ജീവനക്കാർക്കിടയിൽ വ്യത്യസ്ത നിലപാടുണ്ടായത്. തുടർന്ന് ഒരു വിഭാഗം ജീവനക്കാർ ജോലിക്ക്് എത്തുകയും ചെയ്തു. ഇതിനിടെയാണ് ഹൈകോടതി സമരം പിൻവലിക്കാൻ നിർദേശിച്ചത്.
പണിമുടക്കിൽ 287 കോടി നഷ്ടം
ബംഗളൂരു: ഏപ്രിൽ ഏഴു മുതൽ 21വരെ സംസ്ഥാനത്ത് ട്രാൻസ്േപാർട്ട് ജീവനക്കാർ നടത്തിയ പണിമുടക്കിനെതുടർന്ന് നാല് കോർപറേഷനുകളിലായി 287 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി ഗതാഗത വകുപ്പ് അറിയിച്ചു.
കർണാടക ആർ.ടി.സി (122.50 കോടി), ബി.എം.ടി.സി (45 കോടി), എൻ.ഡബ്ല്യു.കെ.ആർ.ടി.സി (57.50 കോടി), എൻ.ഇ.കെ.ആർ.ടി.സി (62 കോടി) എന്നിങ്ങനെയാണ് ഒാരോ ട്രാൻസ്പോർട്ട് കോർപറേഷനിലും ഉണ്ടായ നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

