അശ്ലീല വിഡിയോ: ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനെ പിരിച്ചുവിടുമെന്ന് ആഭ്യന്തരമന്ത്രി
text_fieldsബംളൂരു: ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ അശ്ലീല വിഡിയോ വൈറലായതിനെത്തുടർന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ പിരിച്ചുവിടും എന്ന സൂചന നൽകി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. അതിനിടെ, വിഡിയോ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് രാമചന്ദ്ര റാവു പറഞ്ഞു.
സർക്കാർ ജീവനക്കാരന് അനുയോജ്യമല്ലാത്ത പെരുമാറ്റം, സർവിസ് നിയമങ്ങൾ ലംഘിക്കൽ എന്നിവ ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം നടത്താനാണ് റാവുവിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടിയായി സസ്‌പെൻഷൻ ആവശ്യമാണെന്ന് ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രി പരമേശ്വര പറഞ്ഞു.
‘അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. അന്വേഷണം തുടരും. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ അതനുസരിച്ച് അടുത്ത നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ കാണാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പരാമർശിച്ച മന്ത്രി, താൻ ഒരുതരത്തിലും വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. ‘ഇത്തരമൊരു സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ കാണാൻ കൂട്ടാക്കാത്തത്’ -പരമേശ്വര പറഞ്ഞു.
ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തെക്കുറിച്ച് പരാമർശിക്കവേ, ഉദ്യോഗസ്ഥന് സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാൻ സർക്കാർ മടിച്ചില്ലെന്നും ചിലപ്പോൾ പിരിച്ചുവിട്ടേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പരാതിക്കാരനെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. പ്രഥമദൃഷ്ട്യാ ലഭ്യമായതല്ലാതെ ഈ കേസിൽ എനിക്ക് മറ്റൊന്നും അറിയില്ല. ഈ സംഭവം വകുപ്പിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇത്തരം ചെയ്തികൾ പൊലീസ് വകുപ്പിന് മാത്രമല്ല, മറ്റ് വകുപ്പുകൾക്കും നാണക്കേടാണ്’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

