Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലക്ഷ്യമിട്ടത് ന്യൂനപക്ഷങ്ങളെയും ദലിതരെയും സ്ത്രീകളെയും'; കർണാടകയിൽ എസ്.ഐ.ആർ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

text_fields
bookmark_border
Karnataka SIR Audit: Dalits, Minorities and Women Disproportionately Deleted; Coalition Demands CEC Resignation
cancel
camera_alt

പ്രതീകാത്മക ചിത്രം

ബെംഗളൂരു: തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ (എസ്.ഐ.ആർ) മറവിൽ കർണാടകയിൽ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ഒഴിവാക്കപ്പെട്ടത് നാടോടി-ആദിവാസി വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ദലിതരും സ്ത്രീകളുമാണെന്ന് വെളിപ്പെടുത്തി ഓഡിറ്റ് റിപ്പോർട്ട്. 'എസ്.ഐ.ആർ ഒപ്പോസിഷൻ കോയലിഷൻ' ബെംഗളൂരു ശാസകര ഭവനിൽ പുറത്തുവിട്ട സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.

ന്യൂനപക്ഷങ്ങളും ദലിത്-ഗോത്രവർഗ ജനവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന നിയമസഭാ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയതോ നോട്ടീസ് അയച്ചതോ എന്ന് ഫീൽഡ് തല പരിശോധനയിൽ വ്യക്തമായതായി 'എദ്ദേളു കർണാടക' നേതാവ് നൂർ ശ്രീധർ പറഞ്ഞു. ജീവിച്ചിരിക്കുന്നവരും അവിടെത്തന്നെ താമസിക്കുന്നവരുമായ വോട്ടർമാരെ പോലും സ്ഥലം മാറിയവരെന്നോ, ഇല്ലാത്തവരെന്നോ, മരണപ്പെട്ടവരെന്നോ കാണിച്ച് തെറ്റായി രേഖപ്പെടുത്തിയാണ് പട്ടികയിൽ നിന്ന് പുറത്താക്കിയത്. എല്ലാ വോട്ടർമാരും 2002-ലെ പഴയ വോട്ടർപട്ടികയുമായി ബന്ധം തെളിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വിചിത്ര നിബന്ധനയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

നടപടിക്ക് നിയമസാധുതയില്ലെന്ന് മുൻ സുപ്രീം കോടതി ജഡ്ജി

എസ്.ഐ.ആർ പ്രക്രിയയ്ക്ക് യാതൊരു നിയമപരമായ അടിത്തറയുമില്ലെന്ന് പരിപാടിയിൽ സംസാരിച്ച മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡ വ്യക്തമാക്കി. പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളെ വോട്ടർപട്ടികയ്ക്ക് പുറത്താക്കാനുള്ള ആസൂത്രിത ആയുധമായാണ് ഈ പ്രക്രിയയെ അധികാരികൾ ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ്, സംവിധായകൻ ബി. സുരേഷ്, കർണാടക സാഹിത്യ അക്കാദമി ചെയർമാൻ പ്രൊഫ. എൽ.എൻ. മുകുന്ദരാജ്, മുൻ മന്ത്രി കിമ്മാനെ രത്നാകർ തുടങ്ങിയ പ്രമുഖരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

സി.ഇ.സി രാജി വെക്കണം; നിയമസഭാ പ്രമേയം വേണം

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജി വെക്കണമെന്നും, രാജ്യവ്യാപകമായി എസ്.ഐ.ആർ നടപടികൾ നിർത്തിവെച്ച് അനധികൃതമായി ഒഴിവാക്കപ്പെട്ട മുഴുവൻ വോട്ടർമാരെയും പട്ടികയിൽ തിരിച്ചെടുക്കണമെന്നും പ്രതിപക്ഷ സഖ്യം ആവശ്യപ്പെട്ടു. കമീഷണർമാരുടെ നിയമനത്തിന് സുതാര്യമായ ഭരണഘടനാ സമിതി രൂപീകരിക്കണമെന്നും, ശാസ്ത്രീയവും ജനസൗഹൃദപരവുമായ രീതിയിൽ വോട്ടർപട്ടികാ പരിഷ്കരണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ സ്വീകരിക്കണമെന്നും, എസ്.ഐ.ആറിന്റെ പേരിൽ ജനങ്ങളെ വഞ്ചിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തോട് മാപ്പ് പറയണമെന്നും സഖ്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിഹാറിലും പശ്ചിമ ബംഗാളിലും റീപോളിംഗ് നടത്തണമെന്നും സഖ്യം ആവശ്യപ്പെട്ടു.

കൂടാതെ, വോട്ടർപട്ടികയിലെ അട്ടിമറികൾ ചർച്ച ചെയ്യാൻ കർണാടക സർക്കാർ അടിയന്തരമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നും എസ്.ഐ.ആർ പ്രക്രിയയെയും ഇതുവഴി തയ്യാറാക്കിയ വോട്ടർപട്ടികയെയും പൂർണമായി തള്ളിക്കളയുന്ന പ്രമേയം പാസാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അനധികൃതമായി ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താൻ സോഷ്യൽ ഓഡിറ്റ് നടത്തണമെന്നും, അർഹരായ എല്ലാ വോട്ടർമാരുടെയും അവകാശം പുനഃസ്ഥാപിക്കുന്നത് വരെ ഈ വികലമായ വോട്ടർപട്ടിക ഉപയോഗിച്ച് യാതൊരു തെരഞ്ഞെടുപ്പും നടത്തരുതെന്നും സഖ്യം അന്ത്യശാസനം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka SIR Audit: Dalits, Minorities and Women Disproportionately Deleted; Coalition Demands CEC Resignation
Next Story