വോട്ടർ പട്ടികയിലെ ‘വെട്ട്’ അന്വേഷിക്കാൻ എസ്.ഐ.ടിയുമായി കർണാടക സർക്കാർ, മറ്റുമണ്ഡലങ്ങളിലെ സമാന കേസുകളും അന്വേഷണ പരിധിയിൽ, നടപടി രാഹുലിന്റെ ആരോപണത്തിന് പിന്നാലെ
text_fieldsആലന്ദിൽ വോട്ടൽ പട്ടിക ക്രമക്കേടാരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്തസമ്മേളനത്തിൽ നിന്ന്
ബെംഗളൂരു: വോട്ടർ പട്ടികയിലെ കൂട്ട വെട്ടിനീക്കൽ ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ച് കർണാടക സർക്കാർ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലബുറഗി ജില്ലയിലെ ആലന്ദ് നിയോജകമണ്ഡലത്തിൽ വൻതോതിൽ വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ആരോപണമുയർന്നിരുന്നു.
2023 ലെ തെരഞ്ഞെടുപ്പ് സമയത്ത് ആലന്ദ് മണ്ഡലത്തിൽ 6018 വോട്ടർമാരുടെ പേര് നീക്കിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ‘വോട്ട് മോഷ്ടാക്കളെ’ സംരക്ഷിക്കുന്നുവെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് നേതാവ് രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ആരോപണത്തിൽ കേസെടുത്ത സി.ഐ.ഡി അന്വേഷണസംഘം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ നൽകാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാവുന്നില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ്, വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (സി.ഐ.ഡി) ബി.കെ. സിങ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഓഫീസർമാരായ സൈദുലു അദാവത്, ശുഭൻവിത എന്നിവർ അദ്ദേഹത്തെ സഹായിക്കും.
256 പോളിംഗ് സ്റ്റേഷനുകളിലായി 6,670 വോട്ടർമാരെ നിയമവിരുദ്ധമായി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കാണിച്ച് ആലന്ദ് എം.എൽ.എ ബി.ആർ പാട്ടീലാണ് പൊലീസിനെ സമീപിച്ചത്.
തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 6,018 വോട്ടർമാരെ നീക്കം ചെയ്യാൻ അപേക്ഷകൾ സമർപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ 24 അപേക്ഷകൾ മാത്രമാണ് നിയമപരമായി സാധുതയുള്ളവയെന്ന് എം.എൽ.എയെ ഉദ്ധരിച്ച് സർക്കാർ ഉത്തരവിൽ പറയുന്നു.
ബാക്കിയുള്ള 5,994 അപേക്ഷകൾ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ബന്ധപ്പെട്ട വോട്ടർമാരുടെ അറിവില്ലാതെ ദുരുദ്ദേശ്യത്തോടെ സമർപ്പിച്ചതാണെന്നാണ് ആരോപണം.
2023 ലെ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷൻ 2(യു) പ്രകാരം പോലീസ് സ്റ്റേഷൻ അധികാരങ്ങൾ എസ്.ഐ.ടിക്ക് നൽകിയിട്ടുണ്ട്. കർണാടകയിൽ ഇതര മണ്ഡലങ്ങളിലെ സമാനമായ കേസുകളും സംഘം അന്വേഷിക്കും. സി.ഐ.ഡി, ലോക്കൽ പോലീസ് സേവനങ്ങൾ എസ്.ഐ.ടിക്ക് ഉപയോഗിക്കാം. അതത് കോടതികളിലും സംസ്ഥാന സർക്കാരിനും സംഘം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

