Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയി​ലെ ‘വോട്ട്...

കർണാടകയി​ലെ ‘വോട്ട് ചോരി’ വിവാദം: ബി.ജെ.പി സ്ഥാനാർഥിയുടെ സ്ഥാപനങ്ങളിൽ നിന്ന് നിർണായക തെളിവുകൾ; രേഖകൾ നശിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞു

text_fields
bookmark_border
Karnataka seat vote chori : SIT finds  vital leads from properties linked to losing BJP candidate
cancel
camera_alt

അലന്ദിൽ സുഭാഷ് ഗു​ട്ടെദാറിന്റെ വസതികളിലൊന്നിൽ പരിശോധനക്ക് ശേഷം മടങ്ങുന്ന അന്വേഷണസംഘാംഗങ്ങൾ

ബെംഗളുരു: കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ ഉയർന്ന വോട്ട് കൊള്ള ആരോപണത്തിൽ അന്വേഷണം 2023ൽ അലന്ദ് മണ്ഡലത്തിൽ തോറ്റ ബി.ജെ.പി സ്ഥാനാർഥി സുഭാഷ് ഗു​ട്ടെദാറിലേക്ക്. മണ്ഡലത്തിൽ വോട്ടർപട്ടികയിൽ അനധികൃത ഇടപെടലുകൾ നടന്നത് ഇയാളുടെ നേതൃത്വത്തിലാണെന്ന അനുമാനത്തിലാണ് കേസന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). സുഭാഷിന്റെ വസതിയിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായാണ് വിവരം.

രാഹുൽഗാന്ധി ദേശീയതലത്തിൽ ഉന്നയിച്ചതോടെയാണ് അലന്ദ് മണ്ഡലവും വോട്ടർപട്ടികയും വാർത്തകളിൽ നിറഞ്ഞത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 6,018 വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് അനധികൃത ഇടപെടലിലൂടെ നീക്കിയതായായിരുന്നു രാഹുലിന്റെ ആരോപണം.

ഗു​ട്ടെദാറി​ന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിൽ കലബുറഗിയിലുള്ള മദ്യവ്യാപാര കേ​ന്ദ്രത്തിലാണ് വെള്ളിയാഴ്ച അന്വേഷസംഘം ആദ്യമെത്തിയത്. ഗു​ട്ടെദാറിന്റെയും അടുത്ത ബന്ധുക്കളുടെയും വസതികൾക്ക് പുറമെ, ഇവിടെ ​വെച്ചും വോട്ടർപട്ടികയിൽ പേരുകൾ നീക്കം ​ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ഇവിടെ നിന്ന് ഏതാനും രേഖകളും കണ്ടെടുത്തിരുന്നു.

പരിശോധനക്കിടെ നാടകീയ രംഗങ്ങൾ

നാടകീയ രംഗങ്ങൾക്കാണ് വെള്ളിയാഴ്ച പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ സാക്ഷ്യം വഹിച്ചത്. കലബുറഗിയിൽ വിവിധ കേന്ദ്രങ്ങളിൽ പരിശോധന പുരോഗമിക്കുന്നതിടെ ​സമീപത്തെ അലന്ദ് മണ്ഡലത്തിലെ ഗുട്ടെദാറി​ന്റെ വീട്ടിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് അന്വേഷസംഘത്തിന് വിവരം കിട്ടി. തുടർന്ന് ഇവിടെയെത്തിയ സംഘം കത്തിക്കരിഞ്ഞ രേഖകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. രേഖകൾ കത്തിച്ച് പുഴയിൽ ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

2023 തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികകൾ, പേര് ​ചേർക്കാനും നീക്കാനുമുള്ള അപേക്ഷകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയടക്കം പരിശോധനകളിൽ കണ്ടെത്തിയതായാണ് വിവരം.

അതേസമയം, ആരോപണങ്ങൾ ഗു​ട്ടെദാർ നിഷേധിച്ചു. രാഷ്ട്രീയക്കാരെന്ന നിലയിൽ വോട്ടർ പട്ടികകൾ കൈവശം വെക്കുന്നത് സ്വഭാവികമാണ്. കലബുറഗിയിലും അലന്ദിലും തന്റെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ദീപാവലിക്ക് വീടുകൾ വൃത്തിയാക്കി കത്തിക്കുന്നതിനിടെ രേഖകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ഗുട്ടെദാർ പറഞ്ഞു.

നേരത്തെ, വോട്ടർമാരുടെ അനുമതിയില്ലാതെ പട്ടികയിൽ നിന്ന് പേരുനീക്കാൻ അപേക്ഷ നൽകിയ അഞ്ചുപേരുടെ വസതികളിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ അനധികൃതമായി കടന്നുകയറിയാണ് ഇവർ അപേക്ഷ നൽകി​യതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ ​തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും പിടിയിലായത്.

കേസിൽ ഇതുവരെ ആരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല. ദേശീയ ശ്രദ്ധയാകർഷിച്ച വിഷയമായതുകൊണ്ടുതന്നെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാ​ത്രമേ അറസ്റ്റടക്കമുള്ള നപടികളിലേക്ക് കടക്കൂ എന്നാണ് പൊലീസ് നൽകുന്ന വിവരം. കുറ്റകൃത്യത്തിന് പിന്നിലുള്ള സംഘം എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്നടക്കമുളള വിവരങ്ങൾ നിലവിൽ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഇതിനായി പണം ലഭിച്ചോ, ആരാണ് നൽകിയത് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നേരത്തെ, വോട്ടർ പട്ടികയിൽ വെട്ടലിനും കൂട്ടിച്ചേർക്കലിനും ഉപയോഗിച്ച കംപ്യൂട്ടറുകളുടെ വിശദാംശങ്ങളടക്കം നിർണായക വിവരങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കർണാടക പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഐ.പി, ഇന്റർനെറ്റ് ലോഗുകളടക്കം തങ്ങളുടെ പക്കലുള്ള രേഖകൾ എല്ലാം ഇതിനകം പങ്കുവെച്ചതായാണ് കമീഷന്റെ നിലപാട്. സെപ്റ്റംബർ 18ന് അലന്ദ് മണ്ഡലത്തിലെ വോട്ടു​കൊള്ള ഉന്നയിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ മതിയായ വിവരങ്ങൾ നൽകുന്നില്ലെന്ന് രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു.

അലന്ദ് മണ്ഡലത്തില്‍ ഒരു ബൂത്ത് തല ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. ഉദ്യോഗസ്ഥന്റെ അമ്മാവന്റെ പേര് വോട്ടര്‍പട്ടികയില്‍ നീക്കം ചെയ്തത് അന്വേഷിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നമ്പറുകള്‍ ഉപയോഗിച്ചായിരുന്നു വോട്ട് നീക്കാനുള്ള അപേക്ഷകൾ നൽകിയത്. ഇത്തരത്തില്‍ വോട്ട് നീക്കപ്പെട്ടവരുടെ തെളിവുകള്‍ നിരത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അന്വേഷണ സംഘത്തിന് കമീഷൻ വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karanataka bjpVote Chori
News Summary - Karnataka seat vote chori : SIT finds vital leads from properties linked to losing BJP candidate
Next Story