കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ 14 ഏക്കർ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങി
text_fieldsഎച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: രാമനഗര ജില്ലയിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ കുടുംബം കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന 14 ഏക്കർ ഭൂമി ഒഴിപ്പിക്കാൻ സംസ്ഥാന റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചു. സർക്കാർ ഭൂമി കൈയറിയത് തിരിച്ചുപിടിക്കണമെന്ന കർണാടക ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹായത്താൽ റവന്യൂവകുപ്പ് ചൊവ്വാഴ്ച നടപടി തുടങ്ങിയത്.
ബിഡദി കെത്തഗനഹള്ളിയിലെ കൈയേറ്റം സംബന്ധിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ജനുവരിയിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിരുന്നു. എസ്.ഐ.ടി നടത്തിയ അന്വേഷണത്തിൽ ഏഴ്, എട്ട്, ഒമ്പത്, 10, 16, 17, 79 എന്നീ സർവെ നമ്പറുകളിലായി 14.04 ഏക്കർ ഭൂമി കൈയേറിയതായി കണ്ടെത്തി. റവന്യൂ വകുപ്പും സർവെ വകുപ്പും സംയുക്തമായി ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.
കൈയേറ്റം സംബന്ധിച്ച കേസ് നിലവിൽ കർണാടക ഹൈകോടതിയുടെ പരിഗണനയിലാണ്. തിങ്കളാഴ്ച ഈ കേസുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനിടെ, കൈയേറ്റം ഒഴിപ്പിക്കാത്തതിൽ കോടതി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് റവന്യൂ വകുപ്പ് ഒഴിപ്പിക്കൽ നടപടിക്കിറങ്ങിയത്. സ്ഥലത്ത് സുരക്ഷക്കായി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. കേസിൽ അടുത്ത ഹിയറിങ് ബുധനാഴ്ച നടക്കും.
അതേസമയം, ഏതെങ്കിലും കയ്യേറ്റം കണ്ടെത്തിയാൽ ഭൂമി തിരിച്ചുപിടിക്കാനും അതേ ഗ്രാമത്തിൽ തന്റെ ‘നഷ്ടപ്പെട്ട’ ഭൂമി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കുമാരസ്വാമിക്ക് വേണ്ടി ആർ. ദേവരാജു മാർച്ച് 15ന് ജില്ലാ അധികൃതർക്ക് കത്തുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

