കർണാടകയിൽ കടുത്ത വരൾച്ച: മഴപെയ്യിക്കാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടകയിലെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത വരൾച്ചയുടെ പിടിയിലമരുമ്പോൾ മഴ െപയ്യുന്നതിനായി ‘ഋഷ്യശൃംഗ യാഗം’ നടത്താനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെതുടർന്നാണ് ശൃംഗേരിയിലെ കിഗ്ഗ എന്ന സ്ഥലത്ത് യാഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാവർഷവും ഇത്തരം യാഗം നടത്താറുള്ളതാണെന്നാണ് ശൃംഗേരി ക്ഷേത്രം അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, സർക്കാർ ചെലവിൽ യാഗം നടത്തുകയാണെന്ന ആരോപണവുമായി ബി.ജെ.പിയും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യോഗം ചേർന്ന് നടപടി സ്വീകരിക്കേണ്ടതിനു പകരം പൂജ നടത്തുകയാണെന്ന വിമർശനമാണ് ഉയരുന്നത്.
വടക്കൻ കർണാടകയിലാണ് വരൾച്ച രൂക്ഷമായിട്ടുള്ളത്. ചിത്രദുർഗ, തുമകുരു, വിജയപുര, കലബുറഗി, ചിക്കബെല്ലാപുർ തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ 26 ജില്ലകളിലായി 2150 ഗ്രാമങ്ങളിലാണ് വരൾച്ച പിടിമുറക്കിയിരുന്നത്. കുടിവെള്ള ക്ഷാമവും ഇവിടങ്ങളിൽ രൂക്ഷമാണ്. 20 ലക്ഷം ഏക്കറിൽ കൃഷി നശിച്ചു. വരൾച്ച നേരിടാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന വ്യാപക വിമർശനത്തിനിടെയാണ് പ്രശസ്ത ജ്യോതിഷി ദ്വാരകനാഥ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയത്. ഇതനുസരിച്ചാണ് മുഖ്യമന്ത്രി യാഗത്തിന് തയാറെടുക്കാൻ ശൃംഗേരി മഠത്തിന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. തീയതി ആയിട്ടില്ലെങ്കിലും പൂജ നടക്കുമെന്ന് മഠം അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
യാഗം നടത്താൻ തമിഴ്നാട് സർക്കാറും
ചെന്നൈ: മഴ പെയ്യുന്നതിനായി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ യാഗപൂജകൾ നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഭൂഗർഭ ജലനിരപ്പ് വളരെ താഴേക്ക് പോയതിനാലും നടപ്പുവർഷം വരൾച്ച രൂക്ഷമാവുമെന്ന മുന്നറിയിപ്പിെൻറയും പശ്ചാത്തലത്തിലാണ് സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബ്ൾ എൻഡോവ്മെൻറ് വകുപ്പ് ഡയറക്ടർ കെ. പനിന്ദ്രറെഡ്ഡി പ്രത്യേക നിർദേശം പുറപ്പെടുവിച്ചത്. താൽക്കാലിക വാട്ടർടാങ്ക് നിർമിച്ച് അതിൽ നന്ദിവിഗ്രഹം (പശു) ഇറക്കിവെച്ച് പൂജ. വയലിൻ, വീണ, ഫ്ലൂട്ട്, നാദസ്വരം തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ സഹായത്തോടെ മേഘവർണിനി, കേദാരം, ആനന്ദഭൈരവി, കല്യാണി തുടങ്ങിയ രാഗങ്ങളിൽ സംഗീതാലാപനം. ശിവക്ഷേത്രങ്ങളിൽ ശീതളകുംഭം, രുദ്രാഭിഷേകം, മഹാവിഷ്ണുവിന് തിരുമഞ്ജനം, വരുണ ഗായത്രി മന്ത്ര പാരായണം തുടങ്ങിയവ നടത്തണം. വഴിപാടുകൾ നടത്തുന്ന ദിവസം നിശ്ചയിച്ച് അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
