പെട്രോളിനേക്കാൾ വിലകൂടിയ എഥനോൾ എന്തിനാണ് കൂടുതൽ ചേർക്കുന്നത്? കേന്ദ്രത്തിനെതിരെ വീണ്ടും ചോദ്യങ്ങളുമായി കർണാടക
text_fieldsബംഗളൂരു: പെട്രോളിൽ എഥനോൾ കലര്ത്തുന്നതിന് കർണാടക എതിരല്ലെന്നും, എന്നാൽ ഇ20 എന്ന പേരിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ ചേർത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും കർണാടക ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷദ്.
കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റിസ്വാൻ അർഷദ്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരിശോധിച്ച 893 സാമ്പിളും നിശ്ചിതപരിധിയായ 19-21ശതമാനം മാനദണ്ഡങ്ങൾ പാലിച്ചതാണെന്നായിരുന്നു പ്രഹ്ളാദ് ജോഷിയുടെ വാദം.
കർണാടകയിൽ ഓയിൽ മാർക്കറ്റിങ് കമ്പനികൾ പരിശോധിച്ച 56 സാമ്പിളും 19-20 ശതമാനം പരിധിയിലാണെന്നും, ശരാശരി 19.30 ശതമാനം ആണെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് റിസ്വാൻ അർഷദ് രംഗത്തെത്തിയത്.
ശുദ്ധമായ പെട്രോളിന് ലിറ്ററിന് 53 രൂപയാകുമ്പോൾ എഥനോളിന് 55.72 രൂപയാണെന്നും, വില കൂടിയ എഥനോൾ എന്തിനാണ് കൂടുതൽ അളവിൽ മിശ്രണം ചെയ്യാൻ കേന്ദ്രം നിർബന്ധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘ഇതുവഴി ആർക്കാണ് ലാഭം? ആരുടെ തലയിലാണ് ആഘാതം? ഇത് ആത്യന്തികമായി സാധാരണക്കാരുടെ മേൽ വലിയ സാമ്പത്തിക ബാധ്യതയല്ലേ ഉണ്ടാക്കുന്നത്?’ അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ധന പരിശോധന, പെട്രോൾ പമ്പുകളിൽ എഥനോളിന്റെ യഥാർത്ഥ അളവ് പ്രദർശിപ്പിക്കൽ, രാജ്യത്തുടനീളമുള്ള സാധാരണക്കാർക്ക് ഇന്ധനക്ഷതം മൂലം ഉണ്ടാകുന്ന നഷ്ടത്തിന് (ഏകദേശം 1.01 ലക്ഷം കോടി രൂപയോളം വരും) നഷ്ടപരിഹാരം നൽകുന്ന സംവിധാനം എന്നിവ നടപ്പിലാക്കണമെന്ന കർണാടകയുടെ ആവശ്യവും റിസ്വാൻ അർഷദ് ആവർത്തിച്ചു.
‘എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇത് കർഷകരും ജനങ്ങളും തമ്മിലുള്ള തർക്കമാക്കി മാറ്റാൻ ശ്രമിക്കുന്നത്? പഞ്ചസാര ഫാക്ടറികൾക്ക് എഥനോൾ മിശ്രണം കൊണ്ടുള്ള നേട്ടങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. എന്നാൽ, പഞ്ചസാര വ്യവസായത്തെ പിന്തുണക്കുന്നതും സാധാരണക്കാരെ സംരക്ഷിക്കുന്നതും പരസ്പരവിരുദ്ധമായ കാര്യമല്ല’ -അദ്ദേഹം പറഞ്ഞു.

