കർണാടക പി.എസ്.സി നിയമന അഴിമതി: മുൻ ചെയർമാനും ഐ.എ.എസ് ഉദ്യോഗസ്ഥനും ഉൾപ്പെടെയുള്ളവരുടെ 1.22 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
text_fieldsശിവശങ്കരപ്പ സാഹുകാർ, ഗീത ബി.വി ശിവമൂർത്തി, ജ്ഞാനേന്ദ്ര കുമാർ ഗംഗ്വാർ
ബംഗളൂരു: കർണാടക പബ്ലിക് സർവിസ് കമ്മീഷൻ (കെപിഎസ്‌സി) നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 1.22 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കെ.പി.എസ്.സി മുൻ ചെയർമാൻ ശിവശങ്കരപ്പ സാഹുകാർ, മുൻ അംഗം ഗീത ബി.വി ശിവമൂർത്തി, മുൻ പരീക്ഷാ കൺട്രോളറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജ്ഞാനേന്ദ്ര കുമാർ ഗംഗ്വാർ എന്നിവരുമായി ബന്ധപ്പെട്ട സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നവംബർ 13നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിയമന പരീക്ഷകളിലെ ക്രമക്കേടുകളും വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗവും സംബന്ധിച്ച് ബംഗളൂരുവിലെ വിധാന സൗധ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
വെറ്ററിനറി ഓഫീസർ തസ്തികയിലേക്കുള്ള നിയമന പരീക്ഷയിൽ ചോദ്യപേപ്പർ ചോർത്തി ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. കെ.പി.എസ്.സിയിലെ മുൻ ചെയർമാനും അംഗവും പരീക്ഷാ കൺട്രോളറും ബസവരാജ് കന്നാലെ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.
2026 ജനുവരി എട്ടിന് പരീക്ഷക്ക് ഒരു ദിവസം മുമ്പ് ഗംഗ്വാർ ശരിയുത്തരങ്ങൾ രേഖപ്പെടുത്തിയ ചോദ്യപേപ്പർ ബസവരാജ് കന്നാലെക്ക് ചോർത്തിനൽകി. ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ വില്ലകളിൽവെച്ച് ഇയാൾ പത്ത് ഉദ്യോഗാർഥികൾക്ക് ചോദ്യപേപ്പർ കൈമാറി. ഓരോരുത്തരിൽനിന്നും 20 ലക്ഷം മുതൽ 40 ലക്ഷം രൂപവരെയാണ് ആവശ്യപ്പെട്ടത്. മുൻകൂറായി പണം സ്വീകരിച്ചശേഷം ബാക്കി തുക ഒപ്പിട്ട കാലി ചെക്കുകളും പ്രോമിസറി നോട്ടുകളും വാങ്ങിയതായും ഇഡി കണ്ടെത്തി.
മറ്റൊരു ക്രമക്കേടിൽ ആറ് ഉദ്യോഗാർഥികൾക്ക് 80 ചോദ്യങ്ങളുടെ ശരിയുത്തരങ്ങൾ തയ്യാറാക്കി നൽകിയതായും കണ്ടെത്തി. ഗീത ബി.വി നൽകിയ രജിസ്ട്രേഷൻ നമ്പറുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ തയ്യാറാക്കിയത്. ഇതിന് പ്രതിഫലമായി തനിക്ക് ഇഷ്ടപ്പെട്ട ഉദ്യോഗാർഥിക്ക് കെ.എ.എസ് പരീക്ഷയുടെ അഭിമുഖത്തിൽ അനുകൂലമായ മാർക്ക് നൽകാമെന്ന് മുൻ ചെയർമാൻ ഉറപ്പുനൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.
ഒരു ഉദ്യോഗാർഥിയിൽനിന്ന് 20 ലക്ഷം രൂപ വാങ്ങാമെന്ന കരാറിൽ ശിവശങ്കരപ്പ സാഹുകാർ പത്ത് ലക്ഷം രൂപ കൈപ്പറ്റി. മറ്റൊരു ഉദ്യോഗാർഥിയിൽനിന്ന് 40 ലക്ഷം രൂപ വാങ്ങാമെന്ന കരാറിൽ ഗീത ബി.വി 20 ലക്ഷം രൂപയും സ്വീകരിച്ചു.
അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 52.30 ലക്ഷം രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ ഗംഗ്വാറിന്റെ പ്രയോജനത്തിനായി മറ്റൊരാളുടെ പേരിൽ വാങ്ങിയതായും ഇ.ഡി കണ്ടെത്തി. ഗംഗ്വാറിന്റെയും കുടുംബാംഗങ്ങളുടെയും 13.31 ലക്ഷം രൂപയുടെ വിമാനയാത്രാ ചെലവുകളും ബസവരാജ് കന്നാലെ വഹിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
കേസുമായി ബന്ധപ്പെട്ട് കെ.പി.എസ്.സി ഓഫീസ് ഉൾപ്പെടെ വിവിധയിടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ബസവരാജ് കന്നാലെ, ശിവശങ്കരപ്പ സാഹുകാർ, ഗീത ബി.വി ശിവമൂർത്തി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

