കർണാടകയിൽ സ്വകാര്യ എൻജിനീയറിങ് കോളജുകൾ ഫീസ് കുത്തനെ കുറച്ചു
text_fieldsബംഗളൂരു: പുതിയ അധ്യയനവർഷവും സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ സാധ്യതയുള്ളതിനാൽ കർണാടകയിലെ സ്വകാര്യ എൻജിനീയറിങ് കോളജുകൾ ഫീസ് കുത്തനെ കുറച്ചു. സ്വകാര്യ മാനേജ്മെൻറുകളുടെ കൂട്ടായ്മയായ കോമെഡ്കെ നടത്തുന്ന പ്രവേശനപരീക്ഷയിലൂടെ പ്രവേശനം നേടുന്ന സീറ്റുകളിലെ ഫീസാണ് കുറച്ചത്. കർണാടക അൺഎയ്ഡഡ് സ്വകാര്യ എൻജിനീയറിങ് കോളജ് അസോസിയേഷൻ സംസ്ഥാന സർക്കാറുമായുണ്ടാക്കിയ കരാർപ്രകാരം കോമെഡ്കെ സീറ്റുകളിൽ 1.21 ലക്ഷം മുതൽ 1.7 ലക്ഷം വരെയാണ് വാർഷിക ഫീസ് നിശ്ചയിച്ചത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ കോളജുകളിൽ 29 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടന്നിരുന്നു. കോമെഡ്കെയുടെ കീഴിലുള്ള 138 കോളജുകളിൽ 65 കോളജുകളാണ് സ്വമേധയാ ഫീസ് കുറക്കാൻ തീരുമാനിച്ചത്. ഏതാനും കോളജുകളിൽ വാർഷിക ഫീസിൽ 70 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 രൂപയാണ് ഈ കോളജുകൾ വാർഷിക ഫീസായി നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ ക്വോട്ടയിലെ ഫീസിനേക്കാൾ കുറവാണിത്. എൻജിനീയറിങ് കോളജുകളിലെ സർക്കാർ ക്വോട്ടയിലുള്ള 45 ശതമാനം സീറ്റുകളിൽ 49,500 മുതൽ 55,000 രൂപവരെയാണ് വാർഷിക ഫീസ്. മൊത്തം സീറ്റുകളുടെ 30 ശതമാനമാണ് കോമെഡ്കെ സീറ്റുകൾ. ബാക്കിയുള്ള 25 ശതമാനം സീറ്റുകൾ എൻ.ആർ.ഐ, മാനേജ്മെൻറ് സീറ്റുകളാണ്. എന്നാൽ, ബംഗളൂരുവിലെ ഉന്നത കോളജുകളൊന്നും ഫീസ് കുറക്കാൻ തയാറായിട്ടില്ല. പകരമായി പുതിയ അധ്യയനവർഷം ഫീസിൽ 10 ശതമാനം വർധന വരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സർക്കാർ ഇതിന് വഴങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
