Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്ക് ഖാർഗെയുടെ...

പ്രിയങ്ക് ഖാർഗെയുടെ മണ്ഡലത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു; കാവിക്കൊടികൾ നീക്കം ചെയ്തു

text_fields
bookmark_border
Priyank Kharge
cancel
camera_alt

പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കർണാടകയിലെ സർക്കാർ സ്ഥാപനങ്ങളും സ്കുളുകളും ഉൾപ്പെടെ പൊതു ഇടങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ ആവശ്യത്തിനു പിന്നാലെ അദ്ദേഹത്തിന്റെ മണ്ഡലമായ ചിറ്റാപൂരിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഒക്ടോബർ 19 ഞായറാഴ്ച (ഇന്ന്) നടത്താൻ തീരുമാനിച്ച ആർ.എസ്.എസ് പഥസഞ്ചലനത്തിനാണ് ക്രമസമാധാന പ്രശ്നം ചൂണ്ടികാണിച്ച് ചിറ്റാപൂർ തഹസിൽദാർ നാഗയ്യ ഹിർമത് അനുമതി നിഷേധിച്ചത്.

ഭീം ആർമിയുടെയും ദളിത് പാന്തേഴ്സിന്റെയും നേതൃത്വത്തിൽ ഇതേ ദിവസം റോഡ് ഷോ നടക്കുന്നതിനാൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകാൻ കഴിയില്ലെന്നും, ക്രമസമാധാന ഭീഷണിയുള്ളതിനാൽ അനുമതി നൽകരുതെന്ന് പൊലീസ് അറിയിച്ചതായും തഹസിൽദാർ വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളി​ൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾക്ക് നിരോധനം ഏ​ർപ്പെടുത്തണമെന്ന ഐ.ടി-ബി.ടി, ഗ്രാമവികസന മന്ത്രിയും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ നൽകിയ അപേക്ഷയും, തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടികളും സംഘ്പരിവാർ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരുന്നു. തമിഴ്നാട് മാതൃകയിൽ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതകൾ പഠിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതിനു പിന്നാലെ മുതിർന്ന ബി.ജെ.പി നേതാക്കളും മറ്റും സർക്കാറിനും പ്രിയങ്ക് ഖാർഗെക്കുമെതിരെ ​രംഗത്തെത്തി.

ഇതിനു പിന്നാലെയാണ് പ്രിയങ്ക് ഖാർഗെയുടെ തട്ടകമായ ചിറ്റാപൂരിൽ ശക്തിപ്രകടനമായി വിജയദശമി ദിനാഘോഷ റൂട്ട് മാർച്ച് നടത്താൻ തീരുമാനിച്ചത്. വലിയ സന്നാഹങ്ങളോടെയാണ് സംഘടന പഥസഞ്ചലന പരിപാടിക്ക് ഒരുങ്ങിയത്. ചിറ്റാപൂരിലെ പ്രധാന റോഡുകളിലെ സ്ഥലങ്ങളിൽ കാവി പതാകകളും കൂറ്റൻ കട്ടൗട്ടുകളും സ്ഥാപിച്ച് സംഘശക്തി ​പ്രകടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളെയും സർക്കാർ തടഞ്ഞു.

അനുമതിയില്ലാതെയാണ് നഗരത്തിൽ ബാനറുകളും പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചതെന്ന് ചൂണ്ടികാട്ടി ശനിയാഴ്ചയോടെ പൊലീസ് എല്ലാം നീക്കം ചെയ്തു. നഗര ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് പോസ്റ്ററുകളും ബാനറും തോരണങ്ങളും സ്ഥാപിച്ചതെന്ന് അറിയിച്ചാണ് മുനിസിപ്പൽ അധികൃതരുടെ നേതൃത്വത്തിൽ എല്ലാ തോരണങ്ങളും നീക്കം ചെയ്തു. തൊട്ടുപിന്നാലെ, തഹസിൽദാർ റൂട്ട് മാർച്ച് അനുമതി ​തേടിയുള്ള അപേക്ഷയും നിരസിച്ചു. പൊലീസ് സുപ്രണ്ട് അഡുർ ശ്രീനിവാസുലുവിന്റെ നേതൃത്വത്തിൽ നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.

സർക്കാർ ഉടമസ്ഥതയിലെ വസ്തുക്കളും സ്ഥലങ്ങളും സ്വകാര്യപരിപാടികൾക്കായി ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് ശനിയാഴ്ച സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

ആർ.എസ്.എസ് നൂറാം വാർഷികത്തിന്റെയും വിജയദശമി ആഘോഷത്തിന്റെയും ഭാഗമായി പഥസഞ്ചലനം നടത്താൻ അനുമതി തേടികൊണ്ടാണ് ജില്ലാധികൃതർക്ക് അപേക്ഷ നൽകിയത്.

എന്നാൽ, ഇതേ ദിവസം മറ്റു പരിപാടി നടക്കുന്നതും, ക്രമസമാധന ഭീഷണിയുണ്ടെന്നും വ്യക്തമാക്കി പൊലീസ് അനുമതി നൽകരുതെന്ന് റിപ്പോർട്ട് നൽകി. മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ കഴിഞ്ഞ ദിവസം വധഭീഷണി ഉയർന്നതും ക്രമസമാധാന പ്രശ്നമായി പരിഗണിക്കുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തനനിരോധനത്തിന് ആവശ്യമുന്നയിച്ച പ്രിയങ്ക് ഖാർഗെയെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്ത ദാനേഷ് നരോണിനെ സദാശിവനഗർ പൊലീസ് മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റു ചെയ്തു.

പുതിയ അപേക്ഷ നൽകാൻ ഹൈകോടതി

റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് ആർ.എസ്.എസ് ഹൈകോടതിയെ സമീപിച്ചുവെങ്കിലും തഹസിൽദാറുടെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ചു. പകരം, പുതിയ തീയതിയിൽ റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകാനാണ്​ കോടതി നിർദേശിച്ചത്. നവംബർ രണ്ടിന് പുതിയ തീയതിയിൽ അപേക്ഷ നൽകാനും, റൂട്ട് മാർച്ച് കടന്നുപോകുന്ന പാതകളുടെ വിശദാംശങ്ങൾ നൽകാനുമാണ് നിർദേശിച്ചത്. കേസ് ഒക്ടോബർ 24ന് വീണ്ടും പരിഗണിക്കും.

അതേസമയം, കോടതി ഉത്തരവിനെയും ബി.ജെ.പി നേതൃത്വം തെറ്റിദ്ധരിപ്പിക്കും വിധത്തിലാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രിയങ്ക് ഖാർഗെ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ക്രമസമാധാനം ഉറപ്പാക്കൽ സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, പുതിയ തീയതിയിൽ പരിപാടി നടത്താൻ കളക്ടർക്ക് അപേക്ഷ നൽകണമെന്നാണ് നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതുകൊണ്ട്, കോടതി നിർദ്ദേശിച്ച പ്രകാരം അധികാരികളുടെ പരിഗണനയ്ക്കായി അനുമതി തേടിയുള്ള അപേക്ഷ വീണ്ടും സമർപ്പിക്കൂവെന്നും അദ്ദേഹം കുറിച്ചു.

സർക്കാർ സ്ഥാപനങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യം

സ്കൂളുകളിലടക്കം ശാഖ, സാംഘിക്, ബൈഠക് എന്നീ പേരുകളിൽ നടത്തുന്ന ആർ.എസ്.എസ് പരിപാടികൾ വിദ്യാർഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്നു എന്നാണ് ഖാർഗെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ മുദ്രാവാക്യങ്ങളാണ് ഇത്തരം പരിപാടികളിൽ ഉയർത്തുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾ, പാർക്ക്, ക്ഷേ​ത്രം, മൈതാനം എന്നിവിടങ്ങളിലൊന്നും ശാഖകൾക്ക് അനുമതി നൽകരുതെന്നും ഖാർഗെ കത്തിലാവശ്യപ്പെട്ടു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌.എസ്‌.എസ്) പ്രവർത്തനങ്ങൾ ‘ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്നും ഖാർഗെ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaRSS banRSSPriyank kharge
News Summary - Karnataka: Permission denied for RSS route march in Chittapur
Next Story