ആർ.എസ്.എസ് ഗണവേഷത്തിൽ കുറുവടിയുമായി ഉദ്യോഗസ്ഥൻ; ചിത്രം വൈറലായതിന് പിന്നാലെ പുറത്താക്കി കർണാടക സർക്കാർ
text_fieldsബെംഗളുരു: ആർ.എസ്.എസ് ഗണവേഷത്തിൽ കുറുവടിയുമായി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ നടപടിയുമായി കർണാടക സർക്കാർ. കർണാടകയിലെ റെയ്ചൂരാണ് സംഭവം. സിർവാർ താലൂക്കിൽ പഞ്ചായത്ത് ഡവലപ്മെന്റ് ഓഫീസറായി ജോലി ചെയ്തിരുന്ന കെ.പി. പ്രവീൺകുമാർ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.
ലിംഗുസുഗുറിൽ നടന്ന ആർ.എസ്.എസ് മാർച്ചിലാണ് പ്രവീൺകുമാർ പങ്കെടുത്തത്. കർണാടക സിവിൽ സർവീസസ് ചട്ടത്തിന്റെ ലംഘനം കണ്ടെത്തിയാണ് നടപടിയെന്ന് റൂറൽ ഡവലപ്മെന്റ് ആന്റ് പഞ്ചായത്തിരാജ് വകുപ്പ് കമീഷണർ അരുന്ധതി ചന്ദ്രശേഖർ ഉത്തരവിൽ വ്യക്തമാക്കി.
ഗണവേഷത്തിൽ കുറുവടിയുമായി നിൽക്കുന്ന പ്രവീൺകുമാറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സസ്പെൻഷന് പിന്നാലെ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആർ.എസ്.എസ് അടക്കം സ്വകാര്യ സംഘടനകളുടെ പൊതുഇടങ്ങളിലെ ഇടപെടൽ നിയന്ത്രിക്കാൻ ഒക്ടോബർ 16ന് ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. ഒക്ടോബർ 12ന് ആർ.എസി.എസിന്റെ 100-ാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്തുടനീളം റൂട്ടുമാർച്ചുകൾ നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.
നേരത്തെ, സർക്കാർ സ്ഥാപനങ്ങളുടെയും പൊതു സ്ഥലങ്ങളുടെയും പരിസരത്ത് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. സർക്കാർ ജീവനക്കാരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു.
പി.ഡി.ഒക്കെതിരെയുള്ള സസ്‌പെൻഷൻ നടപടിയെ ‘ഭീഷണിപ്പെടുത്തൽ തന്ത്രം’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര സർക്കാറിന്റെ ഹിന്ദുത്വ വിരുദ്ധ മുഖമാണ് പുറത്തുവരുന്നതെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

