ഏറ്റുമുട്ടൽ കൊലക്ക് ആഹ്വാനം ചെയ്ത് കർണാടക മന്ത്രിയും
text_fieldsബംഗളൂരു: ദക്ഷിണ കന്നഡയിൽ 10 ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങൾ നടന്നതിന് പിന്നാലെ ഏറ്റുമുട്ടൽ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കർണാടക മന്ത്രി സി. അശ്വത് നാരായൺ. ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നുവെന്ന് അശ്വത് നാരായൺ വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു.
ഭാവിയിൽ കൊലപാതകങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. വരും ദിവസങ്ങളിൽ ഇത്തരം കൊലപാതകങ്ങളിൽ ഏർപ്പെടുന്നവരെ ഭയപ്പെടുത്തുന്ന തരത്തിൽ നടപടിയെടുക്കും. പ്രകോപനം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ചിലർ കർണാടകയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിട്ടുണ്ട്. തങ്ങളും ഏറ്റുമുട്ടലിന് തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അശ്വത് നാരായൺ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ സാഹചര്യം കർണാടകയിലും ഉയർന്നുവന്നാൽ യോഗി ആദിത്യനാഥിന്‍റെ മാതൃക ഇവിടെയും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരത്തെ വ്യക്തമാക്കിയിരുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിക്കണം. ഇതിന് ആവശ്യമായ എല്ലാ റിപ്പോർട്ടുകളും സംസ്ഥാനം കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. സാമൂഹിക സൗഹാർദത്തെ ബാധിക്കുന്ന സംഘടിത കുറ്റകൃത്യങ്ങൾ സർക്കാർ അനുവദിക്കില്ല. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികളെയും ഭീകരരെയും ഇല്ലായ്മ ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ സേന രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയവരെ ഏറ്റുമുട്ടലിലൂടെ വധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ രേണുകാചാര്യയും രംഗത്തെത്തി. കൊലയാളികൾക്കെതിരെ നടപടിയെടുക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടാൽ രാജിവെക്കുമെന്നും എം.എൽ.എ വ്യക്തമാക്കിയിരുന്നു.
അതേസമയം, സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം എൻ.ഐ.എക്ക് കൈമാറാൻ കർണാടക സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാക്കിർ, മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. 21ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരാഴ്ച മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19കാരന്‍ സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി മംഗളൂരുവിൽ സൂറത്കൽ സ്വദേശിയായ മുഹമ്മദ് ഫാസിൽ എന്ന യുവാവിനെ നാലംഗ സംഘം കടയിൽ കയറി വെട്ടിക്കൊന്നിരുന്നു.
ഇതോടെ ദക്ഷിണ കന്നട ജില്ലയിലെ ബന്ത്വാൾ, പുത്തൂർ, ബെൽതങ്ങാടി, സുള്ള്യ, കദബ താലൂക്കുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ആഗസ്റ്റ് ആറുവരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

