സവർക്കറുടെ ഛായ ചിത്രം കർണാടക നിയമസഭയിൽ നിന്ന് മാറ്റണമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ
text_fieldsബംഗളൂരു: ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കറുടെ ഛായ ചിത്രം നിയമസഭയ്ക്കുള്ളിൽ നിന്ന് നീക്കണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു. വിദ്വേഷം വളർത്തുന്നതും വിഭജനം സൃഷ്ടിക്കുന്നതുമായ പ്രത്യയ ശാസ്ത്രം പിന്തുടരുന്ന ആരുടെയും ചിത്രം സഭയിൽ ഉണ്ടാകരുതെന്നും ബി.ജെ.പിക്ക് അത് പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്നും പ്രിയങ്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
ബി.ജെ.പി സർക്കാരിന്റെ കാലത്താണ് നിയമസഭാ ചേംബറിൽ സവർക്കറുടെ വലിയ ഛായ ചിത്രം അനാച്ഛാദനം ചെയ്തത്. മറ്റ് ദേശീയ നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു ഇതും പ്രതിഷ്ഠിച്ചത്.
സ്വാമി വിവേകാനന്ദൻ, സുബാഷ് ചന്ദ്രബോസ്, ബി.ആർ. അംബേദ്കർ, ബസവേശ്വര, മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ എന്നിവർക്കൊപ്പമാണ് സവർക്കറുടെയും ഛായാചിത്രം കഴിഞ്ഞ വർഷം നിയമസഭയുടെ ശീതകാല സമ്മേളനത്തിന് തൊട്ടുമുമ്പ് അനാച്ഛാദനം ചെയ്തത്. അനാച്ഛാദന ചടങ്ങിനിടെ സഭക്ക് പുറത്ത് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഛായ ചിത്രം തൂക്കാൻ ബി.ജെ.പി സർക്കാർ ഏകപക്ഷീയമായാണ് തീരുമാനമെടുത്ത്. എന്നാൽ ദേശീയ നേതാക്കളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും ഛായാചിത്രങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനമെന്നും ഒരു ഛായാചിത്രത്തിനെതിരെയും തങ്ങൾ പ്രതിഷേധിക്കുന്നില്ലെന്നും അന്ന് സിദ്ധരാമയ്യ പറയുകയുണ്ടായി. അതിനിടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഛായ ചിത്രം നിയമസഭാ ചേംബറിൽ സ്ഥാപിക്കാനുള്ള നിർദേശം സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്ന് സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

