കർണാടകയിലെ മെഡിക്കൽ പ്രവേശനത്തിന് ‘ഡിസ്കൗണ്ട് മേള’
text_fieldsബംഗളൂരു: മെഡിക്കൽ പ്രവേശനത്തിനുള്ള അവസാന ദിനമായ വ്യാഴാഴ്ച കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ സീറ്റുകളിൽ ‘ഡിസ്കൗണ്ട് മേള’. ഒഴിഞ്ഞുകിടക്കുന്ന എൻ.ആർ.ഐ, മാനേജ്മെൻറ് സീറ്റുകളിലേക്കാണ് ഫീസ് നിരക്കിൽ 40 മുതൽ 50 ശതമാനം വരെ ഇളവ് നൽകി വിദ്യാർഥികൾക്ക് പ്രവേശനം നൽകിയത്.
സംസ്ഥാനത്ത് എൻ.ആർ.ഐ, മാനേജ്മെൻറ് വിഭാഗത്തിൽ ആകെയുള്ള 773 സീറ്റുകളിൽ 676 എണ്ണവും ബുധനാഴ്ച രാത്രിവരെ ഒഴിഞ്ഞുകിടന്നിരുന്നു. നാലര വർഷത്തേക്ക് പരമാവധി 1.88 കോടി രൂപയാണ് ഫീസായി കോളജുകൾ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞവർഷം 1.3 കോടി രൂപക്കാണ് സീറ്റുകളിൽ പ്രവേശനം നടന്നത്.
22 ലക്ഷം മുതൽ 41.98 ലക്ഷം വരെ വാർഷിക ഫീസിൽ പ്രവേശനം നൽകിയിരുന്ന സീറ്റുകളിലേക്കാണ് വിദ്യാർഥികളെ കിട്ടാതായതോടെ വമ്പിച്ച ഇളവുകൾ പ്രഖ്യാപിച്ചത്. പല കോളജുകളും ഇതുമായി ബന്ധപ്പെട്ട് പരസ്യങ്ങൾ നൽകുകയും വിദ്യാർഥികൾക്ക് മെയിൽ അയക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ കോളജുകളിൽ 16, 700 രൂപയും സ്വകാര്യ കോളജുകളിലെ സർക്കാർ സീറ്റുകളിൽ 77,000 രൂപയും 40 ശതമാനം സ്വകാര്യ സീറ്റുകളിൽ 6.32 ലക്ഷവുമാണ് വാർഷിക ഫീസ്. സ്വകാര്യ കോളജുകളിൽ മൊത്തം സീറ്റിലെ 40 ശതമാനം സർക്കാർ ക്വോട്ടയും 40 ശതമാനം സർക്കാർ ഫീസ് നിശ്ചയിക്കുന്ന സ്വകാര്യ സീറ്റുകളുമാണ്. ബാക്കി 20 ശതമാനമാണ് എൻ.ആർ.ഐ, മാനേജ്മെൻറ് സീറ്റുകൾ.
സീറ്റുകളിൽ പരമാവധി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് മാനേജ്മെൻറുകൾ നടത്തിയത്. ഏതാനും കൽപിത കോളജുകൾക്ക് സെപ്റ്റംബർ ഏഴുവരെയും ഡെൻറൽ കോളജുകൾക്ക് ആറു വരെയും പ്രവേശന നടപടികൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. ആദ്യമായി നീറ്റ് പട്ടികയുടെ അടിസ്ഥാനത്തിൽ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ) പൊതു കൗൺസലിങ്ങിലൂടെ എൻ.ആർ.ഐ, മാനേജ്മെൻറ് സീറ്റുകളിൽ പ്രവേശനം നടത്തുന്നതും നോട്ടു നിരോധനവുമാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
