കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ വൻ വിജയത്തിനു പിന്നാലെ കർണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ബംഗളൂരു കോർപറേഷനിലെ രണ്ടു വാർഡുകളിൽ ഉൾപ്പെടെ സംസ്ഥാനത്തെ 63 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. ടൗൺ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് നേട്ടമുണ്ടാക്കിയപ്പോൾ ടൗൺ പഞ്ചായത്തുകളിൽ മാത്രമാണ് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായത്.
30 ടൗൺ മുനിസിപ്പാലിറ്റികളിൽ 12 എണ്ണത്തിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ ജെ.ഡി.എസും ആറെണ്ണത്തിൽ ബി.ജെ.പിയും വിജയിച്ചു. പത്തെണ്ണത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ശ്രീനിവാസപുര, ബാഗെപള്ളി, പാവഗഡ ടൗൺ മുനിസിപ്പാലിറ്റികളിൽ ബി.ജെ.പി ‘സംപൂജ്യ’രായി. ചിക്കബെല്ലാപുരിലെ ടൗൺ മുനിസിപ്പാലിറ്റി ബാഗെപള്ളിയിൽ സി.പി.എം രണ്ടു സീറ്റ് നേടി. ഏഴു സിറ്റി മുനിസിപ്പാലിറ്റികളിൽ ഒന്നിലും ബി.ജെ.പിക്ക് വിജയിക്കാനായില്ല. രണ്ടെണ്ണം കോൺഗ്രസ് േനടിയപ്പോൾ ബാക്കി അഞ്ചെണ്ണത്തിൽ ആർക്കും ഭൂരിപക്ഷമില്ല. 19 ടൗൺ പഞ്ചായത്തുകളിൽ എട്ടെണ്ണത്തിൽ ബി.െജ.പി വിജയിച്ചപ്പോൾ മൂന്നെണ്ണം കോൺഗ്രസ് നേടി. എട്ടെണ്ണത്തിൽ ആർക്കും ഭൂരിപക്ഷമില്ല.
ബംഗളൂരു കോർപറേഷനിലെ സഹായപുരം വാർഡിൽ കോൺഗ്രസും കാവേരിപുരയിൽ ബി.ജെ.പിയും വിജയിച്ചു. 63 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആകെയുള്ള 1362 വാർഡുകളിൽ ഫലമറിഞ്ഞ 1221 വാർഡുകളിൽ 509 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബി.ജെ.പിക്ക് 366 സീറ്റുകളിലാണ് വിജയിക്കാനായത്. 174 സീറ്റുകൾ നേടി ജെ.ഡി.എസ് മൂന്നാമതെത്തി. സ്വതന്ത്രർ 160 സീറ്റിലും ബി.എസ്.പി മൂന്നെണ്ണത്തിലും സി.പി.എം രണ്ടെണ്ണത്തിലും മറ്റുള്ളവർ ഏഴെണ്ണത്തിലും വിജയിച്ചു.
ഏഴ് സിറ്റി മുനിസിപ്പാലിറ്റികളിലായി കോൺഗ്രസ്-90, ബി.ജെ.പി-56, ജെ.ഡി.എസ്-38, ബി.എസ്.പി -02, സ്വത-25, മറ്റുള്ളവർ-06 എന്നിങ്ങനെയാണ് സീറ്റുനില. 30 ടൗൺ മുനിസിപ്പാലിറ്റികളിൽ കോൺ-322, ബി.ജെ.പി-184, ജെ.ഡി.എസ്-102, ബി.എസ്.പി-01, സി.പി.എം-02, മറ്റുള്ളവർ-01 എന്നിങ്ങനെയാണ് സീറ്റുനില. 19 ടൗൺ പഞ്ചായത്തുകളിൽ ബി.െജ.പി-126, കോൺ-97, ജെ.ഡി.എസ്-34, സ്വത-33 എന്നിങ്ങനെയാണ് സീറ്റുനില. താലൂക്ക്, ഗ്രാമപഞ്ചായത്തുകളിലൊഴിച്ച് മറ്റിടങ്ങളിലെല്ലാം വിവിപാറ്റ് ഉപയോഗിക്കാതെ ഇലക്ട്രോണിക് വോട്ടുയന്ത്രം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി.എസും സഖ്യമില്ലാതെയായിരുന്നു മത്സരം. ഹാസൻ, മൈസൂരു, മാണ്ഡ്യ, തുമകുരു എന്നിവിടങ്ങളിൽ ഒറ്റക്കു മത്സരിക്കുകയും ശിവമൊഗ്ഗ അടക്കം ബി.ജെ.പിക്ക് സ്വാധീനമുള്ള മൂന്നു ജില്ലകളിൽ ‘സൗഹൃദ മത്സര’വുമാണ് കോൺഗ്രസും ജെ.ഡി.എസും പരീക്ഷിച്ചത്. ചിലയിടങ്ങളിൽ പൊതുസമ്മതനായ സ്ഥാനാർഥിക്ക് ഇരുപാർട്ടികളും പിന്തുണ നൽകി, ബി.ജെ.പിക്കെതിരെ സഹകരണാടിസ്ഥാനത്തിൽ നീങ്ങിക്കൊണ്ടുള്ള ഈ നീക്കം വിജയിച്ചെന്ന് വ്യക്തമാക്കുന്ന ഫലമാണ് പുറത്തുവന്നത്.
ഫലപ്രഖ്യാപനം വന്നതോടെ ഭൂരിഭാഗം സ്ഥലത്തും കോൺഗ്രസും ജെ.ഡി.എസും സഖ്യം ചേർന്ന് ഭരണം പിടിച്ചടക്കിയേക്കും. 30 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 10 താലൂക്ക് പഞ്ചായത്ത്, 202 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ഫലം ഇനി അറിയാനുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ 28 സീറ്റിൽ 25ലും വിജയിച്ച ബി.ജെ.പി തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് കോൺഗ്രസും ജെ.ഡി.എസും നേട്ടംകൊയ്തത്. ജെ.ഡി.എസുമായി സഖ്യം ചേർന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായതെന്ന നേതാക്കളുടെ വിമർശനത്തിനിടെയാണ് ഈ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
