Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ ‘വന്ദേ മാതരം’ ആദ്യ രണ്ട് വരികൾ മാത്രം; കോൺഗ്രസ് നിലപാടിൽ ഉറച്ച് ഡി.കെ. ശിവകുമാർ

text_fields
bookmark_border
കർണാടകയിൽ ‘വന്ദേ മാതരം’ ആദ്യ രണ്ട് വരികൾ മാത്രം; കോൺഗ്രസ് നിലപാടിൽ ഉറച്ച് ഡി.കെ. ശിവകുമാർ
cancel

ബംഗളൂരു: കർണാടകയിലെ സർക്കാർ പരിപാടികളിൽ ‘വന്ദേ മാതരം’ ആദ്യ രണ്ട് പദ്യങ്ങൾ മാത്രമേ ആലപിക്കൂവെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് തീരുമാനിച്ച നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ‘വന്ദേ മാതരം’ പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശിവകുമാർ. തന്റെ അറിവില്ലാതെയാണ് അത്തരമൊരു നടപടി ഉണ്ടായതെന്നും ഭാവിയിൽ സർക്കാർ പരിപാടികളിൽ നേരത്തെ തീരുമാനിച്ച നിലപാട് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ‘വന്ദേ മാതരം’ സംബന്ധിച്ച 1937ലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തീരുമാനത്തിന് കഴിഞ്ഞയാഴ്ച വീണ്ടും അംഗീകാരം നൽകിയിരുന്നു. പൊതുപരിപാടികളിലും ദേശീയ ചടങ്ങുകളിലും ഗാനത്തിന്റെ ആദ്യ രണ്ട് പദ്യങ്ങൾ മാത്രം ആലപിക്കണമെന്നാണ് തീരുമാനം.

എല്ലാ പദ്യങ്ങളും ആലപിക്കുന്നത് നിർബന്ധമാക്കുന്ന പുതിയ ‘വന്ദേ മാതരം’ ബില്ലിനെ തുടർന്നാണ് വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ തർക്കം ശക്തമായത്. കോൺഗ്രസ് നിലപാടിനെ ബി.ജെ.പി വിമർശിക്കുകയും ദേശീയഗാനത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും ശിവകുമാർ പ്രതികരിച്ചു. വിവിധ ഭാഷകളും സംസ്കാരങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും എല്ലാ വിഭാഗങ്ങളെയും ഒപ്പം കൊണ്ടുപോകുന്നതിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രീണന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും ശിവകുമാർ ആരോപിച്ചു.

ഇന്ത്യയിലെ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കണമെന്ന നിലപാടാണ് ശിവകുമാർ ‘ഹിന്ദു’–‘ഹിന്ദുത്വ’ ചർച്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രകടിപ്പിച്ചത്. സൂര്യൻ, വെള്ളം, വായു, സസ്യങ്ങൾ എന്നിവക്ക് മതമില്ലെന്നും എല്ലാവരും ഒരേ വായുവാണ് ശ്വസിക്കുന്നതെന്നും ഒരേ വെള്ളമാണ് കുടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വന്ദേ മാതരം’ എന്ന ഗാനത്തിന്റെ തുടർന്നുള്ള പദ്യങ്ങളിൽ ദുർഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ഹിന്ദു ദേവതകളെ പരാമർശിക്കുന്നതിനാൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് അത് എതിർപ്പിന് ഇടയാക്കുമെന്നാണ് കോൺഗ്രസിന്റെ വാദം. ഈ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായും കർണാടകയിലും അതേ തീരുമാനം നടപ്പാക്കുമെന്നും ശിവകുമാർ വ്യക്തമാക്കി

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka Limits Vande Mataram Singing
Next Story