Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`അഴിമതിക്കാർക്ക് ഇടമില്ല' കർണാടക പി.എസ്.സി പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ സർക്കാറിന്‍റെ അനുമതി

text_fields
bookmark_border
`അഴിമതിക്കാർക്ക് ഇടമില്ല കർണാടക പി.എസ്.സി പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ സർക്കാറിന്‍റെ അനുമതി
cancel

ബംഗളൂരു: കർണാടക പബ്ലിക് സർവിസ് കമീഷൻ (കെ.പി.എസ്.സി) നടത്തിയ വെറ്ററിനറി ഓഫിസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ജ്ഞാനേന്ദ്ര കുമാർ ഗാങ്‌വാറിനെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകി. നിയമന നടപടികളിലെ അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച കേസിലാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച വിചാരണക്ക് അനുമതി നൽകിയത്. ഉദ്യോഗാർഥികളുടെ ഭാവിയെ പന്താടുന്ന അഴിമതി ഒരുതരത്തിലും അനുവദിക്കില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ശിവകുമാർ വ്യക്തമാക്കി.

2026 ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടന്ന വെറ്ററിനറി ഓഫിസർ നിയമന പരീക്ഷയുടെ ചോദ്യപേപ്പർ മുൻകൂട്ടി ചോർത്തി നൽകിയെന്നാണ് കേസ്. പരീക്ഷക്ക് മുമ്പ് പത്ത് ഉദ്യോഗാർഥികൾക്കെങ്കിലും ചോദ്യപേപ്പർ ലഭിച്ചതായാണ് സി.ഐ.ഡിയുടെ കണ്ടെത്തൽ. പിന്നീട് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഈ പത്ത് പേർ ഇടംപിടിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജൂലൈ 17നാണ് പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

അതേസമയം, ചോദ്യപേപ്പർ നൽകുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് 20 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇടനിലക്കാരനായ ബസവരാജ് കണ്ണാലെ മുഖേനയാണ് പണം കൈപ്പറ്റിയത്. ബിദറിലെ ഓം ലക്ഷ്മി സൗഹാർദ കോഓപറേറ്റിവ് സൊസൈറ്റി വഴിയാണ് പണമിടപാടുകൾ നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഇത്തരത്തിൽ ലഭിച്ച പണത്തിൽനിന്ന് 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങിയതായും ഗാങ്‌വാറിന്റെ വിമാനയാത്രകൾക്കായി 11 ലക്ഷം രൂപ ചെലവഴിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. പരീക്ഷക്ക് മുമ്പ് തിരഞ്ഞെടുത്ത ഉദ്യോഗാർഥികളെ ബംഗളൂരുവിന് സമീപമുള്ള റിസോർട്ടിലെത്തിച്ച് ചോദ്യപേപ്പറിലെ ഉത്തരങ്ങൾ പഠിപ്പിച്ചതായും പരീക്ഷാദിവസം പ്രത്യേക വാഹനങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 218ാം വകുപ്പ് പ്രകാരം സർക്കാർ അനുമതി ആവശ്യമായിരുന്നു. സി.ഐ.ഡിയുടെ അപേക്ഷ പരിഗണിച്ച് ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷമാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. ഇതോടെ കേസിൽ വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നതിനുള്ള നിയമപരമായ തടസ്സവും നീങ്ങി.

നേരത്തെ ഗാങ്‌വാറിന്റെ ജാമ്യാപേക്ഷ ബംഗളൂരുവിലെ കോടതി തള്ളിയിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കോടതി പരിഗണിച്ചിരുന്നു. നവംബർ 26നകം കുറ്റപത്രം സമർപ്പിക്കാനാണ് സി.ഐ.ഡി ലക്ഷ്യമിടുന്നത്.

അതേസമയം, അഴിമതിക്കാർക്ക് സർക്കാറിൽ സ്ഥാനമില്ലെന്നും കുറ്റക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. കഠിനാധ്വാനത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ ഓരോ ഉദ്യോഗാർഥിക്കും തുല്യ അവസരം ലഭിക്കണം. സർക്കാർ നിയമനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കെ.പി.എസ്.സിയുടെ പ്രവർത്തനം സംബന്ധിച്ച നിയമപരമായ സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. കമീഷൻ ചെയർമാനും മറ്റ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, കേസിലെ ആരോപണങ്ങളിൽ അന്തിമമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KPSC Exam Paper Leak Scandal
Next Story