ധർമസ്ഥല കൊലക്കേസ്: ആവശ്യമെങ്കിൽ എസ്.ഐ.ടി അന്വേഷിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി
text_fieldsബംഗളൂരു: ധർമസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൂട്ടക്കൊലകളും ശവസംസ്കാരങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര.
എന്നാൽ, അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലായതിനാൽ എസ്.ഐ.ടിയെക്കുറിച്ച് ഉടനടി തീരുമാനമെടുക്കാൻ കഴിയില്ലെന്നും ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പരമേശ്വര വ്യക്തമാക്കി. ‘കേസിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ തീരുമാനമെടുക്കും. അന്വേഷണം ആരംഭിച്ച ഉടൻ എങ്ങനെയാണ് ഒരു എസ്.ഐ.ടിക്ക് കൈമാറാൻ കഴിയുക? ഞാൻ മുഖ്യമന്ത്രിയുമായി ഇതിനെക്കുറിച്ച് സംസാരിച്ചതായും’ അദ്ദേഹം പറഞ്ഞു.
ധർമസ്ഥലയിലെ കൂട്ടക്കൊല, ബലാത്സംഗം, രഹസ്യ ശവസംസ്കാരം എന്നിവയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങളെക്കുറിച്ച് എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരുടെ ഒരു സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചതിന് ദിവസങ്ങൾക്കുശേഷമാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം. എ.ഡി.ജി.പി, സിറ്റിങ് അല്ലെങ്കിൽ വിരമിച്ച ഹൈകോടതി ജഡ്ജി എന്നിവരുടെ മേൽനോട്ടത്തിൽ ഒരു എസ്.ഐ.ടി രൂപീകരിക്കണമെന്ന് അഭിഭാഷകർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി.
ഡി.എൻ.എ വിശകലനം, ഡിജിറ്റൽ തെളിവുകൾ ശേഖരിക്കൽ, അന്വേഷണത്തിന്റെ പൂർണ വിഡിയോ ഡോക്യുമെന്റേഷൻ എന്നിവയുൾപ്പെടെ സമഗ്രമായ ഫോറൻസിക് പിന്തുണയും അവർ ആവശ്യപ്പെട്ടു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഒരു പ്രധാന ദൃക്‌സായുടെ കുറ്റസമ്മത മൊഴി നൽകുകയും ചെയ്തിട്ടും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) അനുസരിച്ച് പ്രാദേശിക പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നും പ്രതിനിധി സംഘം വാദിച്ചു.
ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചിത്വ തൊഴിലാളിയായ പരാതിക്കാരൻ, ഒന്നിലധികം മൃതദേഹങ്ങൾ സംസ്കരിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു. സുരക്ഷാ കാരണങ്ങളാൽ തന്റെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു. കുറ്റബോധം കാരണം അദ്ദേഹം പൊലീസിനെ സമീപിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുന്നതിന് മുമ്പ് തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ നിയമസംഘം പറയുന്നു. 2018ലെ സാക്ഷി സംരക്ഷണ പദ്ധതി പ്രകാരം അധികാരികൾ അദ്ദേഹത്തിന് സംരക്ഷണം നൽകിയിട്ടുണ്ട്.
ദക്ഷിണ കന്നഡയിലെ ഒരു ഗ്രാമത്തിൽ ചില വ്യക്തികൾ ഒന്നിലധികം മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിച്ചതായി വെളിപ്പെടുത്തി ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ മുൻ ശുചീകരണ തൊഴിലാളി നൽകിയ പരാതിയെ തുടർന്നാണ് നടുക്കുന്ന സംഭവം പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

