കോൺഗ്രസിന് ആശ്വാസം; ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാനുള്ള ഉത്തരവ് കർണാടക ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsബംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ബംഗളൂരു കോടതി ഉത്തരവ് കർണാടക ഹൈകോടതി സ്റ്റേ ചെയ്തു. ഔദ്യോഗിക സമൂഹമാധ്യമങ്ങളിൽനിന്ന് ബുധനാഴ്ചക്കകം കെ.ജി.എഫിലെ സംഗീതം ഒഴിവാക്കാമെന്ന് കോൺഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചതോടെയാണ് ഹൈകോടതി അനുകൂല ഉത്തരവിട്ടത്.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കന്നഡ സിനിമയായ കെ.ജി.എഫ് ടുവിൽനിന്നുള്ള സംഗീതം ഉപയോഗിച്ചതിനെതിരെ എം.ആർ.ടി മ്യൂസിക് നൽകിയ പരാതിയിലാണ് കോടതി ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാൻ ഉത്തരവിട്ടത്. ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബംഗളൂരു കോടതി ട്വിറ്ററിന് നിർദേശം നൽകുകയായിരുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽനിന്ന് കെ.ജി.എഫിലെ സംഗീതം ബുധനാഴ്ചക്കകം ഒഴിവാക്കുമെന്ന് ഹൈകോടതിയെ അഭിഭാഷകർ അറിയിച്ചു.
കെ.ജി.എഫ് ടുവിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ ബംഗളൂരു ആസ്ഥാനമായുള്ള എം.ആർ.ടി മ്യൂസിക് യശ്വന്ത്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കെ.ജി.എഫിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്.
പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാനുള്ള ബംഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവിനെതിരെ ചൊവ്വാഴ്ചയാണ് കോൺഗ്രസ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കോടതി ഉത്തരവ് അനീതിയെന്ന് കോൺഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു. ഏകപക്ഷീയമായ നടപടിയാണ് കോടതി സ്വീകരിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

