'ജിഹാദിയുടെ വാളിനെ കരുതിയിരിക്കുക' എന്ന പോസ്റ്റ്; കേസെടുത്തത് നിയമവ്യവസ്ഥയുടെ ദുരുപയോഗമെന്ന് ഹൈകോടതി
text_fieldsകർണാടക ഹൈകോടതി
ബെംഗളൂരു: ഫേസ്ബുക്ക് കുറിപ്പിൽ 'ജിഹാദി' എന്ന വാക്ക് ഉപയോഗിച്ചത് മതവികാരം വ്രണപ്പെടുത്താനോ വിദ്വേഷം വളർത്താനോ ഉള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈകോടതി. സിവിൽ സർവീസ്, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഹിന്ദുക്കൾ 'ജിഹാദിയുടെ വാളിനെ കരുതിയിരിക്കണം' എന്ന തരത്തിൽ പോസ്റ്റിട്ടതിന് സോഷ്യൽ മീഡിയ ഉപയോക്താവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് കർണാടക ഹൈകോടതി റദ്ദാക്കി.
'ഹിന്ദു സാമ്രാട്ട് ധർമസേനെ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന പോസ്റ്റിലെ വരികൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295A (മതവികാരം വ്രണപ്പെടുത്തൽ), സെക്ഷൻ 505(2) (വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തൽ) എന്നിവയിലെ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് വി. ശ്രീശാനന്ദ വ്യക്തമാക്കി. കേസ് തുടർന്നു കൊണ്ടുപോകുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ പശ്ചാത്തലം
പോലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലിലെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു:
"ജിഹാദികളുടെ എണ്ണം വർദ്ധിച്ചാൽ, ഒരു നിയമത്തിനോ ചട്ടത്തിനോ ജാതിക്കോ പണത്തിനോ അധികാരത്തിനോ നിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല. ഹിന്ദുക്കളെ ഉണരൂ, നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്. നിങ്ങൾ വലിയൊരു പോലീസ് ഉദ്യോഗസ്ഥനായാലും ഐ.എ.എസ് അല്ലെങ്കിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായാലും ഒരു ദിവസം വിരമിക്കേണ്ടിവരും. നിങ്ങളുടെ കഴുത്തറുക്കുന്ന ജിഹാദിയുടെ വാളിനെ കരുതിയിരിക്കുക."
പോസ്റ്റിൽ 'ജിഹാദി' എന്ന വാക്ക് ഉപയോഗിച്ചത് മുസ്‌ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ബടവനഹള്ളി പോലീസ് സ്വമേധയാ ഐ.പി.സി സെക്ഷൻ 295A, 505(2) എന്നിവ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഹൈകോടതിയുടെ കണ്ടെത്തൽ
ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വാക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ പ്രസ്തുത കുറ്റകൃത്യങ്ങൾ ചുമത്താൻ ആവശ്യമായ ഘടകങ്ങൾ അതിലില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു.
'പരാതിയിൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ അടിസ്ഥാന ഘടകങ്ങളും ഹർജിക്കാരന്റെ പോസ്റ്റിലെ വരികളും പരിശോധിച്ചതിൽ നിന്ന്, പൊലീസിന്റെ ഈ സ്വമേധയാ നടപടിയിൽ തുടർ അന്വഷണം ആവശ്യമുള്ള ഒരു ഘടകവും കോടതിക്ക് കണ്ടെത്താൻ സാധിച്ചില്ല. കുറ്റകൃത്യത്തിന്റെ ആവശ്യമായ ചേരുവകളില്ലാത്ത ഇത്തരം നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കുന്നത് നിയമവ്യവസ്ഥയുടെ കടുത്ത ദുരുപയോഗമായി മാറും,' ജസ്റ്റിസ് വി. ശ്രീശാനന്ദ വ്യക്തമാക്കി.
ഹരജിക്കാരനായ അതുൽ കുമാർ സബർവാളിന് വേണ്ടി അഭിഭാഷകൻ മധുസൂദനൻ അഡിഗ ബി. ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ സൂര്യ മുകുന്ദരാജ് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

