ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരായ ഹരജികൾ കർണാടക ഹൈകോടതി തള്ളി; ഒരവകാശവും ലംഘിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷണം
text_fieldsബാനു മുഷ്താഖ്
ബംഗളൂരു: ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ചരിത്ര പ്രസിദ്ധമായ മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ ബി.ജെ.പി എം.പി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമർപ്പിച്ച മൂന്ന് ഹരജികൾ കർണാടക ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരു അവകാശവും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് തള്ളിയത്.
ഹരജിക്കാർക്ക് പിഴ ചുമത്തണമെന്ന് സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി കോടതിയിൽ വാദിച്ചു. എന്നാൽ, കോടതി ഹരജി തള്ളി. വിജയദശമി ഉത്സവം രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നുവെന്നും അത് തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
നേരത്തെ, പ്രതാപ് സിംഹക്ക് അനുകൂലമായി മുതിർന്ന അഭിഭാഷകൻ സുദർശൻ വാദങ്ങൾ ഉന്നയിച്ചു. ദസറ ഉദ്ഘാടന വേളയിൽ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തുന്ന ഒരു പാരമ്പര്യമുണ്ടെന്നും ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ എതിർപ്പുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖിനെ ക്ഷണിച്ച സർക്കാർ തീരുമാനം തെറ്റാണെന്ന് അഭിഭാഷകൻ സുദർശൻ വാദിച്ചു.
ബാനു മുഷ്താഖ് ഹിന്ദു വിരുദ്ധ പ്രസ്താവനകളും കന്നഡ ഭാഷക്കെതിരെ പരാമർശങ്ങളും നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭുവനേശ്വരി ദേവിക്കും കന്നഡ പതാകക്കുമെതിരെ ബാനു മുഷ്താഖ് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയും പറഞ്ഞു. ബാനു മുഷ്താഖിന്റെ ഈ ആക്ഷേപകരമായ പ്രസ്താവനകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും അഭിഭാഷകൻ സമർപ്പിച്ചു. മഞ്ഞ (ഹാൽഡി), സിൻഡോർ (ചുവപ്പ്) നിറങ്ങൾ അടങ്ങിയ കന്നഡ പതാകയോടുള്ള അവരുടെ എതിർപ്പുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ രാജ്യത്ത് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒരു തെറ്റല്ലെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു നിരീക്ഷിച്ചു. ഏത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് ഹരജിക്കാരനോട് ആവശ്യപ്പെട്ടു. "നിങ്ങൾക്ക് പോലും ഉചിതമായ ഒരു വേദിയിൽ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാം. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള അവകാശങ്ങളിൽ ഏതാണ് ലംഘിക്കപ്പെട്ടതെന്ന് നിങ്ങൾ വിശദീകരിക്കേണ്ടതുണ്ട്" ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ചരിത്രപ്രസിദ്ധമായ ദസറ ഉത്സവം ഉദ്ഘാടനം ചെയ്യാൻ ബാനു മുഷ്താഖിനെ തെരഞ്ഞെടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ബി.ജെ.പിയും ഹിന്ദു സംഘടനകളും എതിർത്തതിനാൽ കോടതി വിധിക്ക് പ്രാധാന്യം വർധിച്ചു. എന്നാൽ ദസറ ഉത്സവം ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യണമെന്ന നിലപാട് സംസ്ഥാന സർക്കാർ ആവർത്തിച്ചു. ചാമുണ്ടി ഹിൽസ് ഹിന്ദുക്കൾക്ക് മാത്രമുള്ളതല്ലെന്ന ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന പ്രതിഷേധത്തിന് ആക്കം കൂട്ടി.
എതിർപ്പുകൾക്കിടയിലും ദസറ ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ തുടർന്നാണ് പ്രതാപ് സിംഹ ഹൈകോടതിയിൽ ഹരജി നൽകിയത്. സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത്, ദസറ ഉദ്ഘാടന വേളയിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് പ്രതാപ് സിംഹ കോടതിയിൽ അപ്പീൽ നൽകി. വേദമന്ത്രങ്ങൾ ഉരുവിടുന്നതും മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നതും ആചാരത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാനു മുഷ്താഖ് ഹിന്ദു വിരുദ്ധമാണെന്നും ആരോപിച്ചു.
ആലോചനകളില്ലാതെ ദസറ ഉത്സവം ഉദ്ഘാടനം ചെയ്യാൻ സർക്കാർ ഏകപക്ഷീയമായി ബാനു മുഷ്താഖിനെ തെരഞ്ഞെടുത്തു. കന്നഡ ഭാഷക്കെതിരായ അഭിപ്രായങ്ങളും അവർ പ്രകടിപ്പിച്ചിട്ടുണ്ട്- സിംഹ ആരോപിച്ചു. കർണാടക സർക്കാരിന്റെ നീക്കത്തെ മൈസൂരിലെ രാജകുടുംബവും എതിർത്തിരുന്നുവെന്ന് അദ്ദേഹം തന്റെ ഹർജിയിൽ പരാമർശിച്ചു.
ബാനു മുഷ്താഖിന് ദസറ ഉദ്ഘാടനം ചെയ്യാൻ സർക്കാർ അനുമതി നൽകിയതിന് ശേഷം, മൈസൂരു നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ദസറ ആഘോഷങ്ങൾ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കർണാടക ഹൈകോടതിയിൽ മൂന്ന് പൊതുതാൽപര്യ ഹരജികൾ ഫയൽ ചെയ്യപ്പെട്ടു.
ദസറ ഉദ്ഘാടനം ചെയ്യുന്നത് ഹിന്ദു പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായി പ്രഖ്യാപിക്കണമെന്നും അത് ഹിന്ദു പ്രമുഖർ നിർവഹിക്കണമെന്നും ബംഗളൂരു നിവാസിയായ എച്ച്.എസ്. ഗൗരവ് തന്റെ പൊതുതാൽപര്യ ഹരജിയിൽ സംസ്ഥാന സർക്കാരിനോട് കോടതിയിൽ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ, ഉദ്ഘാടനം 'ഹിന്ദു അഗാമിക്' രീതികൾക്കനുസൃതമായി നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരു ആസ്ഥാനമായുള്ള വ്യവസായി ടി. ഗിരീഷ് കുമാറും അഭിനവ ഭാരത് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആർ. സൗമ്യയും പൊതുതാൽപര്യ ഹരജികൾ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

