മലയാളി ആൾക്കൂട്ട കൊലക്കിരയായ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാതെ കർണാടക ഹൈകോടതി; ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം
text_fieldsബെംഗളൂരു: ആൾക്കൂട്ട കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നവർക്കോ അവരുടെ കുടുംബത്തിനോ ഇടക്കാല നഷ്ടപരിഹാരം ലഭ്യമാക്കാൻ മൂന്ന് മാസത്തിനകം പ്രത്യേക പദ്ധതി രൂപീകരിക്കണമെന്ന് കർണാടക സർക്കാരിന് ഹൈകോടതി നിർദ്ദേശം നൽകി. തഹ്‌സിൻ എസ് പൂനാവാല കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ വിചാരണ കോടതികൾ കർശനമായി പാലിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജയകുമാർ എ പാട്ടീലിന്റെ സുപ്രധാന ഉത്തരവ്.
2025 ഏപ്രിൽ 27-ന് മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്രിക്കറ്റ് മത്സരത്തിനിടെ ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ് മരണപ്പെട്ട മലയാളി യുവാവ് അഷ്റഫിന്റെ ബന്ധു അബ്ദുൽ ജബ്ബാറും കർണാടക സർക്കാരും സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് കോടതി ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. പ്രതിയായ സച്ചിൻ ഉൾപ്പെടെയുള്ളവർക്ക് മംഗളൂരുവിലെ വിചാരണ കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
ആൾക്കൂട്ട കൊലപാതക കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇരകളുടെ കുടുംബത്തിന് കൃത്യമായ നോട്ടീസ് നൽകണമെന്നും അവരുടെ ഭാഗം കേൾക്കണമെന്നുമുള്ള സുപ്രീംകോടതി നിർദ്ദേശം വിചാരണ കോടതി ലംഘിച്ചതായി ഹൈകോടതി നിരീക്ഷിച്ചു. കേസിൽ ഇതിനകം കുറ്റപത്രം സമർപ്പിച്ചതിനാലും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലാത്തതിനാലും ജാമ്യം റദ്ദാക്കാൻ ഹൈകോടതി വിസമ്മതിച്ചെങ്കിലും, സംസ്ഥാനത്ത് ആൾക്കൂട്ട ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി അടിയന്തരമായി നടപ്പിലാക്കാൻ സർക്കാരിന് അന്ത്യശാസനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

